കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന ദ്വിദിന സത്യാഗ്രഹ സമരം അവസാനിച്ചു. സമരത്തിന്റെ രണ്ടാം ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തല്‍ സന്ദര്‍ശിച്ചു. കെഎസ്ഇബി നഷ്ടത്തിലാകാന്‍ കാരണം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ വാടക വര്‍ദ്ധിപ്പിക്കാത്തത് കൊണ്ടല്ലെന്നും ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും ഭരണത്തിലെ തെറ്റായ നയങ്ങളുമാണ് കാരണമെന്നും ചെന്നിത്തല പറഞ്ഞു.പോസ്റ്റിന്റെ വാടക 17 രൂപയില്‍ നിന്ന് 430 രൂപയായി വര്‍ദ്ധിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കേബിള്‍ ഓപ്പറേറ്റര്‍മാരോടുള്ള കെഎസ്ഇബിയുടെ തെറ്റായ സമീപനം പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നതാണ്. മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റത്തില്‍നിന്ന് ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ജനകീയ സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. വൈദ്യുതി വകുപ്പ് ചെയര്‍മാനുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സിഒഎയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തിയത്. ബിജെപി നേതാവ് വി.വി.രാജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, കെ.എസ്.ശബരിനാഥ് എംഎല്‍എ തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പ്രാദേശിക സംഭവങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നവരെ സംരക്ഷിക്കുന്നതിന് പകരം പിന്നില്‍ നിന്ന് കുത്തുന്ന നടപടി സര്‍ക്കാര്‍ തടയണമെന്നും വി.വി.രാജേഷ് പറഞ്ഞു. കേരളത്തിലുടനീളമുള്ള മൂവായിരത്തോളം ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍ 2 ദിവസങ്ങളിലായി നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍, ട്രഷറര്‍ അബൂബക്കര്‍ സിദ്ധിഖ്, കെ.സജീവ് കുമാര്‍, കെ. ഗോവിന്ദന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. വടക്കന്‍ ജില്ലകളിലെ പ്രവര്‍ത്തകര്‍ ആദ്യ ദിനത്തിലും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ രണ്ടാം ദിനത്തിലും സമരത്തില്‍ പങ്കെടുത്തു.