ദേശീയ ബാലാവകാശ കമ്മീഷന്‍ സിറ്റിങ്; 162 പരാതികളില്‍ 109 എണ്ണം തീര്‍പ്പാക്കി

0

ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ദേശീയ ബാലവകാശ സംരംക്ഷണ കമ്മീഷന്‍ സിറ്റിങില്‍ 162 പരാതികളില്‍ 109 എണ്ണം തീര്‍പ്പാക്കി. മറ്റുള്ളവ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറി. ഇവ സമയ ബന്ധിതമായി പരിഹരിക്കാനും നിര്‍ദേശം നല്‍കി. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. കുട്ടികളുടെ നിര്‍ബന്ധിത മതമാറ്റം ആരോപണവുമായി ബന്ധപ്പെട്ട ആറ് പരാതികളും കമ്മീഷന്റെ മുമ്പാകെ എത്തി. ഇത്തരം പരാതികളില്‍ കൂടുതല്‍ അന്വേഷണം നടത്താനും സത്യാവസ്ത കണ്ടെത്താനും ജില്ലാ ഭരണ കൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍ ഇത്തരം പരാതികള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷും എഡിഎം കെ. അജീഷും കമ്മീഷനെ അറിയിച്ചു. കുട്ടികളോടുള്ള ലൈംഗീകാതിക്രമ കേസുകള്‍ കമ്മീഷന്‍ പ്രത്യേകം പരിഗണിച്ചു. പോക്സോ കേസുകള്‍ പൊലീസ് വകുപ്പിനു കൈമാറി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പരാധീനതകളുമായി ബന്ധപ്പെട്ട ഇരുപതിലധികം കേസുകളും സ്‌കൂള്‍ പ്രവേശനം ലഭിക്കാതെപോയ പരാതികളും കമ്മീഷനു മുമ്പാകെ എത്തി. വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ കുടിവെള്ള പ്രശ്നം തുടങ്ങിയ പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് പന്നിയോട് അംബേദ്കര്‍ കോളനിയിലെ 50 ഓളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍ പാലമില്ലാത്ത കേസും പരിഗണനയ്ക്കു വന്നു. പ്രശ്ന പരിഹാരത്തിന് കണ്ണൂര്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേകം അദാലത്ത് ചേരാനും തീരുമാനമായിട്ടുണ്ട്. ദേശീയ ബാലവകാശ സംരംക്ഷണ കമ്മീഷന്റെ ആറാമത്തെ സിറ്റിങാണ് ജില്ലയില്‍ നടന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത 727 ജില്ലകളിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായാണ് സിറ്റിങ്. തമിഴ്നാട്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ സിറ്റിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 18 വയസ്സുവരെയുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും ദേശീയസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ ഡോ. ആര്‍.ജി ആനന്ദ്, പ്രഗ്ന പരന്‍ഡേ, എ.ഡി.എം കെ.അജീഷ്, സംസ്ഥാന ബാലാവകാശ സംരക്ഷണ അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!