തൊഴില്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കണം: ഡോ. വി.പി ജോയി

0

ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിന് നൈപുണ്യ വികസന മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലും ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാം നോഡല്‍ ഓഫീസറുമായ ഡോ. വി.പി ജോയി പറഞ്ഞു. ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമിന്റെ ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിന് നടപ്പ് വര്‍ഷം 25000 പേര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കണം. ഗോത്രമേഖലകളിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പരിശീലന പരിപാടികളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഇതിനായി ഇവരുടെ പട്ടിക തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കാന്‍ ഐ.ടി.ഡി.പി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ബി.പി.സി.എല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് നടപടിയെടുക്കും. കൂടാതെ പരിശീലനം നല്‍കുന്നതിന് പ്രദേശിക കേന്ദ്രങ്ങളുടെ സാധ്യതയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിക്കുന്നതിന് ആസ്പത്രികളില്‍ ഗൈനക്കോളജി വിഭാഗത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യ മാനദണ്ഡമനുസരിച്ചുളള സജ്ജീകരണങ്ങളൊരുക്കേണ്ടതുണ്ട്. ജില്ല,താലൂക്ക് ആസ്പത്രികളില്‍ ഇതിനായി പ്രത്യേകം ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിനുളള പ്രോപ്പോസലുകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം സി.എസ്.ആര്‍ ഫണ്ട് നേടിയെടുക്കുന്നതിനുളള നടപടികളും സ്വീകരിക്കണം. ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ജില്ലയുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട ഓരോ മേഖലയിലേയും പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍,സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ബി.പി.സി.എല്‍,കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
11:16