റൂസ അധികൃതര്‍ സ്ഥലപരിശോധന നടത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൂസ പദ്ധതിയുടെ ഭാഗമായി ബോയ്സ് ടൗണില്‍ അനുവദിച്ച മോഡല്‍ ഡിഗ്രി കോളേജിന്റെ പ്രവര്‍ത്തനത്തിന് വേഗതയേറുന്നു. ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിന്റെ ആദ്യഘട്ടമായി സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയത്തിനായി റൂസ് അധികൃതരും, നടത്തിപ്പ് ഏജന്‍സിയായ കെഎസ്ഐടിഐഎല്‍ അധികൃതരും എം.എല്‍എ ഒ.ആര്‍ കേളുവും, മറ്റ് ജനപ്രതിനിധികളും സ്ഥല പരിശോധനയില്‍ പങ്കെടുത്തു. പ്രാഥമിക സ്‌കെച്, ഡിപിആര്‍ തയ്യാറാക്കല്‍ എന്നിവയും ഇതോടൊപ്പം നടക്കുന്നുണ്ട്. കാലതാമസം കൂടാതെ റൂസാ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനന്തവാടി എം.എല്‍എ ഒ ആര്‍ കേളു പറഞ്ഞു. 12 കോടി രൂപ ചെലവിലാണ് ഇവിടെ കോളേജ് സ്ഥാപിക്കുക. എംഎല്‍എക്കു പുറമേ, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍, റൂസ അധികൃതരായ രതീഷ് കുമാര്‍, ഉല്ലാസ് കൃഷ്ണന്‍, കെ.എസ്.ഐ.ടി.ഐ.എല്‍ അധികൃതരായ മോഹന്‍കുമാര്‍ എന്‍, മഹേഷ് വിജയന്‍, ബാലഗോപാല്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലപരിശോധയില്‍ പങ്കെടുത്തു.