തൊഴിലുറപ്പ്: എട്ട് മാസമായി ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളമില്ല
മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ജീവനക്കാര്‍ക്ക് എട്ടുമാസമായി ശമ്പളമില്ല. തനത് ഫണ്ടുള്ള പഞ്ചായത്തുകളില്‍ ജോലി ചെയ്യുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം ലഭിക്കുന്നത്. നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസ് ജീവനക്കാരാണ് കൃത്യമായ ശമ്പളം ലഭിക്കാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത്.
ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലും, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ക്ക് കീഴിലുമാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൃത്യമായി വരുമാനമുള്ളതും, ഫണ്ടുകള്‍ നീക്കിയിരിപ്പുള്ളതുമായ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഓഫീസ് ജീവനക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ശമ്പളം ലഭിക്കുന്നത്. വരുമാനം ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ചില ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസിലെ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളും, നാല് ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍മാര്‍, അക്കൗണ്ടന്റ്, മറ്റ് ജീവനക്കാര്‍ എന്നിവരടക്കം അഞ്ച് പേരാണ് തൊഴിലുറപ്പ് പദ്ധതി ഓഫീസുകളില്‍ ജോലി ചെയ്യുന്നത്. ബ്ലോക്ക് പ്രോഗ്രാം ഓഫീസിലും, ജില്ലാ ജോയിന്റ് പ്രോഗ്രാം ഓഫീസുകളിലും, ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസുകളിലുമായി 150-ലേറെ ജീവനക്കാരാണ് ജില്ലയില്‍ ജോലി ചെയ്യുന്നത്. സാധാരണഗതിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനൊപ്പം ഓഫീസ് ജീവനക്കാരുടെ വേതനവും സാധാരണഗതിയില്‍ വരാറുണ്ട്.