കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നും എത്തിച്ച സുന്ദരി, അഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ ആനകള്‍ക്കാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാവുന്നതോടെ അവശ്യഘട്ടങ്ങളില്‍ കുങ്കിയാനകള്‍ക്കായി സംസ്ഥാന വനംവകുപ്പിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് മുത്തങ്ങയില്‍ കുങ്കിയാന പരിശീലനം വനംവകുപ്പ് ആരംഭിച്ചിരിക്കുന്നത്തുടക്കമെന്ന നിലയില്‍ മൂന്ന് ആനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നുമെത്തിച്ച പിടിയാനയായ സുന്ദരി, ആഗ്സ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ കൊമ്പന്‍മാര്‍ക്കുമാണ് പരീശിലനം നല്‍കുന്നത്. ആറുമാസക്കാലമാണ് പരിശീലനം. എല്ലാദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പരിശീലനം. അടിസ്ഥാന കാര്യങ്ങളായ ചങ്ങല പിടിക്കുക, ചങ്ങല ചവിട്ടുക, കാട്ടാനകളെ തുരത്തുന്നതിനുള്ള പരിശീലനം, കാട്ടാനകളെ പിടിച്ചുനിര്‍ത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.
പരിശീലനം പൂര്‍ത്തിയാവുന്നതോടെ വനംവകുപ്പിന് അവശ്യഘട്ടങ്ങളില്‍ ഇവയെ ഉപയോഗിക്കാന്‍ കഴിയും. എലഫന്റ് സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മുത്തങ്ങയിലെ സൂര്യന്‍, കോടനാട് നിന്നുമെത്തിച്ച നീലകണ്ഠന്‍, കോന്നിയില്‍ നിന്നുമെത്തിച്ച സുരേന്ദ്രന്‍ എന്നീ ആനകളെ തമിഴ്നാട്ടിലെ തെപ്പക്കാട് ആനക്യാമ്പില്‍ അയച്ച് കുങ്കിപരിശീലനം നല്‍കിയിരുന്നു. ഒപ്പം ഏഴു പാപ്പാന്‍മാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. കഴിഞ്ഞമാസം 16നാണ് കുങ്കിപരിശീലന ക്യാമ്പ് മുത്തങ്ങയില്‍ ആരംഭിച്ചത്.