മാനന്തവാടിയില്‍ പ്രത്യേക ഹെലിപാഡ്
സഹോദരന് വോട്ട് അഭ്യര്‍ത്ഥിച്ച് സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍. പ്രിയങ്കയ്ക്ക് പറന്നിറങ്ങാന്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പ്രത്യേക ഹെലിപ്പാഡും ഒരുങ്ങി. നാളെ രാവിലെ 9 മണിക്ക് പ്രിയങ്ക മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടിലെ പൊതുവേദിയില്‍ സംസാരിക്കും. കഴിഞ്ഞ ദിവസം മാനന്തവാടിയിലും പരിസരത്തും പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഹെലിപ്പാഡിനായി തയ്യാറാക്കിയ സ്ഥലത്ത് മഴ പെയ്ത് മണ്ണ് കുതിര്‍ന്നതോടെയാണ് എസ്.പി.ജി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്റര്‍ലോക്ക് പതിച്ച് പ്രത്യേക ഹെലിപ്പാഡ് തയ്യാറാക്കിയത്.
30 മീറ്റര്‍ വ്യാസമുള്ള ഹെലിപ്പാഡില്‍ 20 മീറ്ററാണ് ഇന്റര്‍ലോക്ക് പാകിയത്. ഹെലിപാടിന് സമീപത്തായി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടിലാണ് പൊതുയോഗ വേദി ഒരുക്കിയിരിക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എ.ഐ.സി.സി. നിരീക്ഷകന്‍ തങ്കബാലു പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വള്ളിയൂര്‍ക്കാവിലെ ഹെലിപ്പാഡില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിക്ക് മഴയെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തിരിച്ച് പോകാന്‍ സാധിക്കാതെ കാര്‍മാര്‍ഗ്ഗം കോഴിക്കോടെക്ക് പോകേണ്ടി വന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തവണ ഇന്റര്‍ലോക്ക് പതിച്ച പ്രത്യേക ഹെലിപ്പാഡ് തയ്യാറാക്കിയിരിക്കുന്നത്.