എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടും
മാനന്തവാടി: കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പിലായാല്‍ ജില്ലയില്‍ 115 ഡ്രൈവര്‍മാരെ പിരിച്ചുവിടും. മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും 27 പേരെയും, കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് 59 പേരെയും, സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്ന് 29 പേരെയുമാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം പിരിച്ചു വിടുന്നത്. കല്‍പ്പറ്റ ഡിപ്പോയില്‍ നിലവില്‍ നൂറ് സ്ഥിരം ഡ്രൈവര്‍മാരടക്കം 159 പേരാണുള്ളത്. മാനന്തവാടി ഡിപ്പോയില്‍ 195 സ്ഥിരം ജീവനക്കാരടക്കം 222 ഡ്രൈവര്‍മാരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 240 സ്ഥിരം ഡ്രൈവര്‍മാരടക്കം 269 പേരാണ് നിലവില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 2455 എംപാനല്‍ ഡ്രൈവര്‍മാരെയാണ് പിരിച്ചുവിടുക. ഈ മാസം അവസാനത്തോടെ തന്നെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. മാസം തീരാന്‍ രണ്ടാഴ്ച്ചകള്‍ മാത്രം നിലനില്‍ക്കെ പുതിയ നിയമനം വൈകാന്‍ സാധ്യതയുണ്ട്. ഇത് മൂലം സര്‍വ്വീസുകള്‍ മുടങ്ങാനുള്ള സാധ്യതയുണ്ട്. അതിനിടെ നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്ന എംപാനല്‍ ജീവനക്കാരില്‍ 60 ശതമാനത്തിലേറെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരാണ്.