സി.പി.എമ്മില്‍ പൊട്ടിത്തെറി

0

തലപ്പുഴയിലെ ബാങ്ക് ജീവനക്കാരന്റെ മരണം സി.പി.എമ്മില്‍ പൊട്ടിത്തെറി മറനീക്കി പുറത്തേക്ക്. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പങ്കെടുത്ത ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഏരിയാ സെക്രട്ടറി അടക്കം ഇറങ്ങി വന്ന സംഭവത്തെ തുടര്‍ന്ന് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഒ.ആര്‍.കേളു എം.എല്‍.എ.ക്ക് നല്‍കി പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ ബാങ്ക് പ്രസിഡണ്ടിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതാണ് ഏരിയാ കമ്മിറ്റി അംഗങ്ങളുടെ ഇറങ്ങി പോക്കിനു കാരണം.

പാര്‍ട്ടി അംഗമായ തലപ്പുഴയിലെ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത് മൂന്ന് മാസം കഴിഞ്ഞിട്ടും സി.പി.എമ്മിനെ അലട്ടുകയാണ് അനിലിന്റെ മരണം.പാര്‍ട്ടി നിശ്ചയിച്ച അന്വോഷണ കമ്മീഷന്‍ അനിലിന്റെ മരണത്തിന് ഉത്തരവാദി പി.വാസുവാണ് എന്ന് കണ്ടെത്തിയിട്ടും മരണം സംഭവിച്ച് 110 ദിവസം ആയിട്ടും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും മാറ്റിയതല്ലാതെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം. ജില്ലാ കമ്മറ്റിക്ക് കഴിയാത്തതാണ് ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പങ്കെടുത്ത് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഏരിയാ സെക്രട്ടറി കെ.എം.വര്‍ക്കി ഉള്‍പ്പടെ എട്ട് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോക്ക് നടത്തിയിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു. മാനന്തവാടിയിലെ ഒരു നേതാവുമാണ് വാസുവിനെ പുറത്താക്കുന്നതിന് എതിരായി നില്‍ക്കുന്നത് എന്ന് നാട്ടില്‍ സംസാര വിഷയമാണ്. തലപ്പുഴയിലെയും തവിഞ്ഞാല്‍ 44 പ്രദേശത്തെയും ജനങ്ങള്‍ സി.പി.എമ്മിന് എതിരായിട്ടും വാസുവിനെ പുറത്താക്കാത്തത് സി.പി.എം.നെ സംബന്ധിച്ച് ഏറെ തലവേദന സൃഷ്ടിച്ചിരിക്കയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ ഇറങ്ങി പോക്കും. ഇറങ്ങി പോക്കിനെ തുടര്‍ന്ന് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഒ.ആര്‍.കേളു എം.എല്‍.എ.യെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഏല്‍പ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മാനന്തവാടിയില്‍ എല്‍.ഡി.എഫിനെ തന്നെ ഒരു പക്ഷേ വാസു വിഷയത്തെ ബാധിക്കുമെന്നിരിക്കെ പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട ശ്രമം നടത്തുന്ന തിരക്കിലാണ് സി.പി.എം. ജില്ലാ നേതൃത്വം.

Leave A Reply

Your email address will not be published.

error: Content is protected !!