വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമ: ജില്ലാ കളക്ടര്‍

0

വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ പറഞ്ഞു. പുതുവോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വോട്ടര്‍മാരാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാണ്. ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി പുതുമകള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രക്രീയയിലുണ്ട്. വോട്ടിങ് മെഷിനൊപ്പം സുതാര്യത ഉറപ്പാക്കാന്‍ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) സംവിധാനം, തെരഞ്ഞെടുപ്പ് ചട്ടലംഘനം തടയാന്‍ സി-വിജില്‍ മൊബൈല്‍ ആപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതിക്കായി സുവിധ ആപ് എന്നിവ ഇത്തവണത്തെ പ്രത്യേകതകളാണ്. സി-വിജില്‍ ആപ് മുഖേന നല്‍കുന്ന പരാതികളില്‍ 100 മിനുട്ട് കൊണ്ട് നടപടിയുണ്ടാകും. സുവിധ ഓണ്‍ലൈന്‍ ആപ്ലീക്കേഷന്‍ വഴി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പൊതുപരിപാടികള്‍ക്കും മറ്റും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ വിവിധ അനുമതികള്‍ ലഭ്യമാക്കാനും സൗകര്യമുണ്ട്. സുപ്രീംകോടതി വിധിപ്രകാരം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നിലവിലുള്ള കേസുകളുടെ വിശദവിവരങ്ങള്‍ മൂന്നു പ്രാവശ്യം പ്രധാനപ്പെട്ട ദിനപത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാണ്. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടിങ് ഉപകരണം, വി.വി.പാറ്റ് സംവിധാനം എന്നിവയില്‍ പരിശീലന ക്ലാസ് നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. റംല, ഇ. സുരേഷ് ബാബു, എന്‍.ഐ ഷാജു, ഉമ്മറലി പാറച്ചോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!