ജില്ലയില്‍ കന്നുകാലി സെന്‍സെസിന് തുടക്കമായി

0

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന 20-ാംമത് കന്നുകാലി സെന്‍സെസ് ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ആഫീസര്‍ ഡോ.മീര മോഹന്‍ദാസ് കണക്കെടുപ്പു നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ്.ആര്‍.പ്രഭാകരന്‍ പിള്ള, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.വിന്നി ജോസഫ്, എന്യൂമറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കന്നുകാലി സെന്‍സെസ് നടത്തുന്നത്. കന്നുകാലി, പക്ഷികള്‍, മത്സ്യസമ്പത്ത് മേഖലയില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ യഥാസ്ഥിതി മനസിലാക്കുന്നതിനും വേണ്ടിയാണ് കണക്കെടുപ്പ്. മൃഗസംരക്ഷണ വകുപ്പില്‍ ജോലിചെയ്യുന്ന 106 ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരാണ് കണക്കെടുപ്പിനായി വീടുവീടാന്തരം കയറിയിറങ്ങുക. പഞ്ചായത്തു തലത്തിലുള്ള 29 വെറ്ററിനറി ഡോക്ടര്‍മാര്‍ കണക്കെടുപ്പിന് മേല്‍നോട്ടം വഹിക്കും. മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് വിവരശേഖരണം നടത്തുന്നത്. കന്നുകാലികള്‍ വിവിധയിനം വളര്‍ത്തുപക്ഷികള്‍, പന്നികള്‍, തെരുവുനായ്ക്കള്‍, നാട്ടാനകള്‍, മറ്റു മൃഗങ്ങള്‍, മല്‍സ്യസമ്പത്ത് എന്നിവയുടെയെല്ലാം കണക്ക് ശേഖരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായുള്ള മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ തലത്തില്‍ സെന്‍സെസ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുന്ന വേളയില്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!