മഞ്ജു വാര്യര്‍ക്കെതിരെയുള്ള ആരോപണം സി.പി.എം ഗൂഢാലോചന;എം.സി സെബാസ്റ്റ്യന്‍

0

പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി മഞ്ജുവാര്യര്‍ക്കെതിരെ ഏതാനും ആദിവാസികളും പനമരത്തെ സി.പി.എം മെമ്പറും ഉന്നയിച്ച ആരോപണം സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് സംസ്ഥാന സെക്രട്ടറി എം.സി.സെബാസ്റ്റ്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വനിതാ മതിലിനോട് മഞ്ജുവാര്യര്‍ നിലപാട് വ്യക്തമാക്കിയതു മുതല്‍ അവര്‍ക്കെതിരെ സി.പി.എം ഒളിഞ്ഞും തെളിഞ്ഞും അക്രമം നടത്തുകയാണ്.
പനമരം പരക്കുനി കോളനിയില്‍ 2017 ലാണ് മഞ്ജു വാര്യര്‍ സന്ദര്‍ശിച്ചത്. ജില്ലയില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്ന ആദിവാസി കോളനിയില്‍ സഹായം ചെയ്യുകയായിരുന്നു ലക്ഷ്യം. പരക്കുനിയിലെ ദൈന്യത കണ്ട് ഏതാനും വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കാമെന്ന് കോളനിക്കാരോട് പറയുകയും ചെയ്തു. ആദിവാസി കോളനിയില്‍ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുമ്പോള്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി വാങ്ങണം. എന്നാല്‍ ഈ അനുമതി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പിന്നീടുണ്ടായ വ്യക്തിപരമായ കാരണങ്ങളില്‍ അവര്‍ പൊതുപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. പ്രളയത്തില്‍ ഏറെ ദുരിതമനുഭവിച്ച പരക്കുനിയില്‍ സംസ്ഥാന സര്‍ക്കാരോ പനമരം പഞ്ചായത്തോ ഒന്നും ചെയ്തില്ല. കേരളത്തില്‍ സ്ഥിരം വ്യവഹാരം നടത്തി ജീവിക്കുന്ന ജോമോന്‍ പുത്തന്‍പുരക്കലിനെ ഇരുത്തി ജനപിന്തുണ നഷ്ടപ്പെട്ട സി.പി.എം മെംബറും ഒരു ആദിവാസി പ്രതിനിധിയുമാണ് മഞ്ജു വാര്യര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. സി. പി. എം നേതാവായ വാര്‍ഡ് മെംബറുടെ താത്പര്യം സംബന്ധിച്ച് അന്വേഷണം നടത്തണം. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ താന്‍ പുറത്തുവിടും. മഞ്ജു വാര്യര്‍ പരക്കുനി കോളനി സന്ദര്‍ശിച്ചപ്പോള്‍ താനും കൂടെ പോയിരുന്നതായി എം.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി മോഹന്‍ ബാബുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!