ഉന്നത വിദ്യാഭ്യാസത്തിന് കരുത്തേകാന്‍ റൂസ മാതൃകാ ഡിഗ്രി കോളജ്

0

വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരാന്‍ റൂസ (രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍) മാതൃകാ ഡിഗ്രി കോളജ്. പേര്യ ബോയ്സ് ടൗണില്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടായിരുന്ന 10 ഏക്കര്‍ ഭൂമിയിലാണ് 12 കോടി രൂപ ചെലവില്‍ കോളജ് സ്ഥാപിക്കുന്നത്. ഇതില്‍ 7.2 കോടി കേന്ദ്ര വിഹിതവും 4.8 കോടി സംസ്ഥാന വിഹിതവുമാണ്. ഉയര്‍ന്ന അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിനായി സ്ഥിരം അധ്യാപകരും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ഇവിടെയുണ്ടാവും. ലൈബ്രറി, ലാബ് സൗകര്യങ്ങളുമൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനവും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യംവച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ 2013ല്‍ ആരംഭിച്ച പദ്ധതിയാണ് റൂസ. കേരളത്തിലെ ആറു സര്‍വകലാശാലകളും 21 സര്‍ക്കാര്‍ കോളജുകളും റൂസ ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായിരുന്നു. ഒന്നാംഘട്ടം നടത്തിപ്പിലെ മികവിനെ തുടര്‍ന്ന് സംസ്ഥാനത്തെ കൂടുതല്‍ സ്ഥാപനങ്ങളെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളജ് ആരംഭിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് 130ഓളം സ്ഥാപനങ്ങള്‍ റൂസ രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് വയനാടിന് മാത്രമായി അനുവദിച്ച മാതൃകാ ഡിഗ്രി കോളേജിന്റെ ഡിജിറ്റല്‍ ശിലാസ്ഥാപനം മാനന്തവാടി ഗവ. കോളജില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. അനുബന്ധ സമ്മേളനം തുറമുഖ, മ്യൂസിയം, പുരാവസ്തു സംരക്ഷണ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആയിരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രമുഖ പരിഗണനയാണ് നല്‍കുന്നത്. പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ മേഖലയില്‍ നടപ്പാക്കുന്നുണ്ട്. റൂസ പദ്ധതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സമയബന്ധിത ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. നവകേരള സൃഷ്ടിക്കായി എല്ലാവരും ഒന്നിക്കണമെന്നും സാംസ്‌കാരിക-വൈജ്ഞാനിക മുന്നേറ്റത്തിന് വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. ഒ ആര്‍ കേളു എം എല്‍ എ അധ്യക്ഷത വഹിച്ചു. റൂസ റിസര്‍ച്ച് ഓഫിസര്‍ കെ രതീഷ് വിഷയാവതരണം നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രന്‍, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, എ ഡി എം കെ അജീഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. റൂസ നോഡല്‍ ഓഫിസര്‍ ഡോ. യു സി ബിവീഷ് സ്വാഗതവും കോളജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ എല്‍ ബീന നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!