ജനകീയ സദസ്സ് നിര്‍ദ്ദേശങ്ങള്‍ നല്‍കാം
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍ കണ്ടെത്തുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പ് ജനകീയ സദസ്സ് സെപ്തംബര്‍ 26 ന് രാവിലെ 10.30 മുതല്‍ സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടക്കും. ടി.സിദ്ദിഖ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സദസ്സില്‍ പൊതുഗതാഗതം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദ്ദേശിക്കാം. തദ്ദേശ സ്ഥാപന അധികാരികള്‍, അംഗങ്ങള്‍ മുഖേനയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ജനകീയ സദസ്സില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അധ്യാപക നിയമനം
പനമരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എച്ച്.എസ്.ടി മലയാളം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 25 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ടെണ്ടര്‍ ക്ഷണിച്ചു
വൈത്തിരി ഗവ.താലൂക്ക് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിലവില്‍ ഉപയോഗത്തിലില്ലാത്ത പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 10 ന് രാവിലെ 11.30 വരെ താലൂക്ക് ആസ്ഥാന ആശുപത്രി ഓഫീസില്‍ ടെണ്ടര്‍ ഫോറങ്ങള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 256229.
മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലാബ് റീജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 10 ഉച്ചയ്ക്ക് 1 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 247290
നീതി ബസ് പര്യടനം
കേരള ലീഗല്‍ സര്‍വീസസ് അതോറിററി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന ലീഗല്‍ സര്‍വീസ് ബസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. സെപ്തംബര്‍ 23 ന് രാവിലെ കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസ് പരിസരം, 24 ന് രാവിലെ വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫീസ് പരിസരം, ഉച്ചകഴിഞ്ഞ് വൈത്തിരി ഗ്രാമപഞ്ചായത്ത് പരിസരം, 25 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പരിസരം, 26ന് ചൂരല്‍മല, 27 ന് രാവിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിസരം, ഉച്ചകഴിഞ്ഞ് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പരിസരം, 28, 30 തീയ്യതികളില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്തും സൗജന്യ നിയമ സഹായം ലഭ്യമാക്കും. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായം തുടങ്ങിയ കാര്യങ്ങള്‍ സഞ്ചരിക്കുന്ന നിയമസഹായ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്
വയനാടിന് കൈതാങ്ങായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത വയനാട് ജില്ലയിലെ കുടിശ്ശിക വരുത്തിയ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഇളവുകളോടെ വായ്പ തീര്‍പ്പാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കുടിശ്ശിക നിവാരണത്തിനായുള്ള ഒററത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സെപ്തംബര്‍ 24 ന് രാവിലെ 10.30 മുതല്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള എ.പി.ജെ ഹാളില്‍ നടക്കും. ഇളവുകള്‍ ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. വായ്പാ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ ഈ പദ്ധതിയെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, മാനേജിംഗ് ഡയറക്ടര്‍ സി.അബ്ദുള്‍ മുജീബ് എന്നിവര്‍ അറിയിച്ചു.
മന്ദഹാസം പദ്ധതി അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനു ധനസഹായം അനുവദിക്കുന്ന സാമൂഹ്യനീതി വകുപ്പ് മന്ദഹാസം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാനദണ്ഡ പ്രകാരം അര്‍ഹതയുള്ളവര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യരായ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ എന്നുതെളിയിക്കുന്ന റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ അടക്കം ചെയ്യണം. അപേക്ഷാ ഫോറം കൂടുതല്‍ വിവരങ്ങള്‍ എന്നിവ swd.kerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാകും. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫോണ്‍:04936-205307