മാവോയിസ്റ്റുകള്‍ക്കെതിരെ പേരില്ലാ പോസ്റ്ററുകള്‍
തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പേരില്ലാത്ത പോസ്റ്ററുകള്‍. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ജംഗ്ഷനിലെ കടകളിലെ ഭിത്തികളിലും മറ്റുമാണ് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി നാട്ടുകാര്‍ കണ്ടത്. കൃത്യമായി ഡിസൈന്‍ ചെയ്ത് കളര്‍ പ്രിന്റ് ചെയ്തിട്ടുള്ളതാണ് പോസ്റ്ററുകള്‍. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്ററുകള്‍ തയ്യാറാക്കിയത് ആരാണെന്നത് പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടില്ല. മാവോയിസം നാടിനെ ബാധിക്കുന്ന ക്യാന്‍സര്‍ ,ജനവാസ മേഖലകളില്‍ ബോംബ് സ്ഥാപിക്കുന്ന മാവോയിസ്റ്റ് ഭീകരത അവസാനിപ്പിക്കുക , കാടിനെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ല, ചോരയില്‍ കുതിര്‍ന്ന രാഷ്ട്രീയം ഞങ്ങള്‍ക്ക് വേണ്ട എന്നൊക്കെയാണ് പോസ്റ്ററുകളില്‍ ഉള്ളത്.
ഒരാഴ്ച മുമ്പാണ് മക്കിമല ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ എല്‍ഇഡി ബോംബ് കണ്ടെത്തിയത്. ബോംബ് സ്ഥാപിച്ചത് മാവോയിസ്റ്റുകളാണെന്ന സംശയത്തില്‍ യുഎപിഎ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒരു മാസം മുമ്പ് തലപ്പുഴ കമ്പമലയില്‍ എത്തിയ മാവോയിസ്റ്റ് സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ പരസ്യമായി വിമര്‍ശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.