വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലിന് വിപുലയായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്നത് മുട്ടില്‍ ഡബ്ല്യൂ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുന്നത്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ രാവിലെ 8.30 ന് എണ്ണി തുടങ്ങും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ മുട്ടില്‍ കോളേജില്‍ മീഡിയാ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും മുട്ടില്‍ കോളേജിലാണ് നടക്കുക.
കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഓരോ നിയോജകമണ്ഡലത്തിനും പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഹാളുകളില്‍ കേന്ദ്ര -സംസ്ഥാന ആംഡ് പോലീസ്, സിവില്‍ പോലീസ് എന്നിവര്‍ കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദം. വോട്ടെണ്ണല്‍ ഹാളിലേക്ക് മൊബൈല്‍ഫോണ്‍ പ്രവേശിപ്പിക്കാനാവില്ല. ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ മൊബൈല്‍ ഫോണുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്ത് പ്രത്യേകം കൗണ്ടറുകളില്‍ സൂക്ഷിക്കും. എല്ലായിടങ്ങളിലും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സ്‌ട്രോങ് റൂമുകളിലും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മുട്ടില്‍ ഡബ്ല്യൂ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തെരഞ്ഞെടുപ്പ് ജനറല്‍ നിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങള്‍ വിശദീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിനുമായി ക്രമീകരിച്ച ഓരോ ഹാളുകളിലും 14 വീതം ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായുള്ള പ്രേത്യേക സൗകര്യവും തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ സന്ദര്‍ശിച്ചു. വോട്ടെണ്ണല്‍ സുതാര്യമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി. വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷകന്‍ വിലയിരുത്തി.വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ കോളേജില്‍ ഒരുക്കിയ മീഡിയാ സെന്ററും തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ സന്ദര്‍ശിച്ചു. എഡിഎം കെ.ദേവകി, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭഗത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം. മെഹറലി, എ.ആര്‍ ഒ മാരായ സി മുഹമ്മദ് റഫീഖ്, ഇ. അനിതകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ് സജി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.