ചെന്നലോട് പ്രദേശത്തെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി ചെന്നലോട് വാര്‍ഡില്‍ വയസ്സഴക് 2024 എന്ന പേരില്‍ വയോജന സ്‌നേഹസംഗമം സംഘടിപ്പിച്ചു.ചെന്നലോട് സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ ഇഎം സെബാസ്റ്റ്യന്‍ നഗറില്‍ നടന്ന പരിപാടി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും പ്രഭാഷകനുമായ റാഷിദ് ഗസാലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി അധ്യക്ഷനായിരുന്നു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ താജ് മന്‍സൂര്‍, മാനസികാരോഗ്യ വിദഗ്ധന്‍ ജിനേഷ് ജോസഫ് എന്നിവര്‍ വിഷയാവതരണം നടത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍, ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്, വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള സഹായകേന്ദ്രം, സൗജന്യ നേത്ര പരിശോധന, യോഗ ക്ലാസ്സ്, ട്രൈബല്‍ വകുപ്പ് സേവനങ്ങള്‍, സാമ്പത്തിക സാക്ഷരത സഹായകേന്ദ്രം, കുടുംബശ്രീ തൊഴില്‍മേള തുടങ്ങിയ സേവനങ്ങളും കലാപരിപാടികളും നടന്നു.വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.