കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്റെ കുടുംബത്തിന് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ ബാക്കി തുക ബുധനാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് അധികൃതരുടെ ഉറപ്പ്.രാഹുല്‍ ഗാന്ധി എംപി ഇടപെട്ടതോടെയാണ് തീരുമാനം.2023 സെപ്റ്റംബര്‍ 12ന് വെള്ളമുണ്ട പുളിഞ്ഞാലില്‍ താല്‍ക്കാലിക വാച്ചറായ തങ്കച്ചന്‍ ടൂറിസ്റ്റുകള്‍ക്ക് ഗൈഡായി പോയ സമയത്ത് ആന ചവിട്ടി കൊല്ലുകയായിരുന്നു
കൊല്ലപ്പെട്ട അന്നു തന്നെ ഡിഎഫ്ഒ, എഡിഎം,തഹസില്‍ദാര്‍ എന്നിവര്‍ ജനപ്രതിനിധികള്‍, സര്‍വ്വകക്ഷി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും രേഖാമൂലം കൈകൊണ്ട തീരുമാനങ്ങള്‍ അഞ്ചുമാസം പിന്നിട്ടിട്ടും നടപ്പാക്കിയിരുന്നില്ല. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപയടക്കം 11 ലക്ഷം രൂപയില്‍ 6 ലക്ഷം രൂപയാണ് ഇത് വരെ കുടുംബത്തിന് നല്‍കിയത്.ഭാര്യ സുജക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിട്ട് താല്‍ക്കാലിക ജോലി പോലും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 15 ലക്ഷം രൂപ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവും ജലരേഖയായിയെന്നാണ് പരാതി .കുട്ടികളുടെ പഠന ചിലവ് വഹിക്കുമെന്ന ഉറപ്പ് പാലിച്ചില്ല. മൂത്ത മകള്‍ നഴ്‌സിംഗിനും മകന്‍ 6-ാംക്ലാസിലുമാണ് പഠിക്കുന്നത്.തങ്കച്ചന്റെ ഭാര്യ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്താണ് തങ്കച്ചന്റെ പ്രായമായ മാതാപിതാ കളടക്കം ജീവിക്കുന്നത്.. ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. ഇതിനിടെയാണ് കഴിഞ്ഞദിവസം കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുമായി കണ്ടു സംസാരിക്കുകയും നിവേദനം നല്‍കിയതിന്റെയും അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി കളക്ടറേയും വനം വകുപ്പ് ഉന്നത അധികാരികളെയും വിളിച്ചുവരുത്തുകയും ചര്‍ച്ചചെയ്യുകയും ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ബാക്കിയുള്ള തുക 5 ലക്ഷം രൂപ നല്‍കുമെന്നും 15 ദിവസത്തിനുള്ളില്‍ ഭാര്യക്ക് ജോലിയും നല്‍കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.