ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ 123-ാമത് പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വയനാട്ടില്‍ എത്തിച്ചേരും.മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്ററില്‍ എത്തുന്ന ബാവയെ ഭദ്രാസന മെത്രാപ്പോലീത്തയും ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് 4 മണിക്ക് ഭദ്രാസന ആസ്ഥാനമായ മീനങ്ങാടി അരമന ചാപ്പലില്‍ ഭദ്രാസനം വിപുലമായ സ്വീകരണം നല്‍കും.അതിനു ശേഷം പരിശുദ്ധ ബാവ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കും.തുടര്‍ന്ന് ജില്ലയിലെ പ്രമുഖരോടൊപ്പമുള്ള അത്താഴ വിരുന്നില്‍ സംബന്ധിക്കും.
രണ്ടാം തീയതി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ രാവിലെ ഏഴര മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് എട്ടര മണിക്ക് വി. കുര്‍ബാനയും അര്‍പ്പിച്ച് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കും. ഇരുപത് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഭാരത സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത്. മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ്, മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത, മോര്‍ ഔഗേന്‍ അല്‍ഖോറി അല്‍ഖാസ മെത്രാപ്പോലീത്ത തുടങ്ങിയവരും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്. യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിക്കും. 2 ന് ഉച്ചയോടെ ബാവ ഹെലികോപ്ടര്‍ മാര്‍ഗം കോഴിക്കോടേയ്ക്ക് തിരിക്കും.