മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ല: കെ.സി.വേണുഗോപാല്‍ എംപി

0

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറിന്റെ പുനഃനിയമനത്തില്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നീതിന്യായ വ്യവസ്ഥയിലും ജനാധിപത്യമര്യാദകളിലും അല്‍പ്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ അധികാരത്തില്‍ തുടരരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ബാഹ്യയിടപെടലുണ്ടായെന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. വൈസ് ചാന്‍സിലറുടെ നിയമവിരുദ്ധമായ നിയമന നടപടി ക്രമത്തില്‍ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണ്ണറും ഒരുപോലെ കുറ്റക്കാരാണ്.
സമര്‍ദത്തിന് വഴങ്ങി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാദസേവ ചെയ്യേണ്ട പദവിയല്ല ഗവര്‍ണറുടേത്. പദവിക്ക് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ച ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും നടപടി അത്യന്തം ലജ്ജാകരമാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കളഞ്ഞ് കുളിച്ചു.മുഖ്യമന്ത്രിയുടെ നിയമോപദേശകനും പിന്നീട് മുഖ്യമന്ത്രിയുമെത്തി വഴിവിട്ട നിയമനം നടത്താന്‍ വേണ്ടി സമ്മര്‍ദം ചെലുത്തിയെന്നാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണമെന്ന് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ധാര്‍മികതയുടെ ഒരംശമുണ്ടെങ്കില്‍ ആ പദവിയില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

തെലുങ്കാനയില്‍ നല്ല പോളീംഗ് ഉണ്ടാകും. കോണ്‍ഗ്രസിന് അനുകൂലമായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലേയും ജനവിധി. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന തീരുമാനിക്കുന്നത് എഐസിസിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!