സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയിലും പണിമുടക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, 140 കിലോമീറ്റര്‍ ദൂരപരിധി നോക്കാതെ നിലവിലുളള ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്.ബസ് ഉടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് നീങ്ങാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നതിന് പകരം, കൂടുതല്‍ പ്രതിസന്ധിയിലേക്ക് തളളിവിടുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ ആരോപിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന കാലങ്ങളായുളള ആവശ്യം നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. 140 കിലോമീറ്റര്‍ എന്ന ദൂരപരിധി നോക്കാതെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ നടപടിവേണം. ബസുകളില്‍ ക്യാമറ, സീറ്റ് ബെല്‍റ്റ് എന്നിവ നിര്‍ബന്ധമാക്കാനുളള തീരുമാനം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സംയുക്ത സമരസമിതി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്.