മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് പിടിച്ചെടുത്ത തടികള്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ പരിശോധിച്ചു.കേസിലെ പ്രതികള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നിയോഗിച്ച കമ്മീഷന്‍ കുപ്പാടി ടിമ്പര്‍ ഡിപ്പോയിലെത്തി തടികള്‍ പരിശോധിച്ചത്.കമ്മീഷനംഗം അഡ്വ.മിനിമാത്യു ഹര്‍ജിക്കാരനും അഭിഭാഷകനൊപ്പവുമാണ് ഡിപ്പോയിലെത്തി തടികള്‍ പരിശോധിച്ചത്.ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ നല്‍കുമെന്നാണ് അറിയുന്നത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കല്‍പ്പറ്റ ജില്ലാകോടതി നിയോഗിച്ച ഏകാംഗ വനിതാ കമ്മീഷന്‍ കുപ്പാടിയിലെ തടിഡിപ്പോയില്‍ വനംവകുപ്പ് മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത തടികള്‍ പരിശോധിക്കാനെത്തിയത്.കേസിലെ പ്രതികള്‍, വനംവകുപ്പ് പിടിച്ചെടുത്ത് ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന തടികള്‍ സംരക്ഷണമില്ലാതെ നശിക്കുന്നുവെന്ന് കാണിച്ച് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയോഗിച്ചത്. അതേസമയം റിപ്പോര്‍ട്ട് നിഷ്പക്ഷമായി നല്‍കേണ്ട കമ്മീഷന്‍ മുട്ടില്‍മരംമുറി കേസിലെ പ്രതികള്‍ക്കും അഭിഭാഷകനുമൊപ്പം ഒരു വാഹനത്തിലാണ് കുപ്പാടിയിലെത്തിയതും തടികള്‍ പരിശോധന നടത്തിയും അതിനുശേഷം മടങ്ങിയതും. തടികള്‍ പരിശോധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വീഡിയോ എടുക്കുന്നതു തടയാനും ശ്രമിക്കുകയും വീഡിയോ പകര്‍ത്തിയാല്‍ കേസെടുക്കുമെന്ന പറഞ്ഞ് ഭീഷണിപെടുത്തുകയും ചെയ്തു.പരാതിക്കാരാടൊപ്പം കമ്മീഷനംഗം യാത്രചെയ്യുന്നതും കോടതി നിര്‍ദേശമില്ലാത്ത പക്ഷം മാധ്യമങ്ങളെ തടയുന്നതും ശരിയല്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്.