വയനാട് ജില്ലാ സ്‌കൂള്‍ കായിക മേള മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ നാളെ മുതല്‍ 7 വരെ കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 750 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം ആറിന് രാവിലെ 10ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.
ടി. സിദ്ദീഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഒ.ആര്‍. കേളു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ഏഴിന് ഉച്ചകഴിഞ്ഞ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി അധ്യക്ഷത വഹിക്കും. മേളയില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 96 ഇനങ്ങളില്‍ മത്സരം നടക്കും. മേള വിളംബരം ചെയ്ത് മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്നു പുതിയ സ്റ്റാന്‍ഡിലേക്ക് ഘോഷയാത്ര നടത്തി – സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ഷിബു, മുണ്ടേരി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ടി. സലാം, പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡി.കെ. സിന്ധു, ഹെഡ്മിസ്ട്രസ് കെ.എസ്. സീന, പബ്ലിസിറ്റ് കമ്മിറ്റി കണ്‍വീനര്‍ റോണി ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.