ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി അമ്പലവയല്‍ ഗവ. സ്‌കൂളിലെ മെഗാ പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം. 1948 മുതല്‍ സ്‌കൂളില്‍ പഠിച്ചവരും അധ്യാപരുമായിരുന്നവര്‍ ഒത്തുചേര്‍ന്നപ്പോള്‍ സംഗമം കളര്‍ഫുളളായി. അമ്പലവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിച്ച ദിനമാണ് കടന്നുപോയത്. അമ്പലവയലിന്റെ തിരുമുറ്റത്ത് അക്ഷരവെളിച്ചമായി ഏഴരപ്പതിറ്റാണ്ടു ജ്വലിച്ചുനിന്ന വിദ്യാലയമുറ്റത്തേക്ക് അവര്‍ ഒഴുകിയെത്തി. പൂര്‍വധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളിന്റെ അഭ്യുദയകാംഷികളും വന്നുനിറഞ്ഞു. കാലങ്ങള്‍ക്കുശേഷം തമ്മില്‍ക്കാണുന്നവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. ഫോട്ടോ എടുത്തും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. പല തലമുറകളുടെ സംഗമമായി മെഗാ പൂര്‍വാധ്യാപക വിദ്യാര്‍ത്ഥി സംഗമം. നഷ്ടപ്പെട്ടുപോയ ബാല്യകൗമാരങ്ങളുടെ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തേക്ക് ലോകത്തിന്റെ പലകോണുകളില്‍നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് എത്തിയത്. പ്രശസ്ത എഴുത്തുകാരനും, പ്രഭാഷകനുമായ ഡോക്ടര്‍ സന്തോഷ് വള്ളിക്കാട് സംഗമം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.ഷമീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്സത്ത്, കണ്‍വീനര്‍ പി.ജി. സുഷമ, പി.ടി. എ പ്രസിഡണ്ട് എ. രഘു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പഴയകാല അധ്യാപകരെ ആദരിച്ചു. സംഗമത്തില്‍ ആയിരത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഒട്ടേറെ അധ്യാപകരും രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു.