കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷയായിരുന്നു. ഖാദി തൊഴിലാളികളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കല്‍ ചടങ്ങും നടന്നു. ഖാദി ഓണം മേളയിലെ ആദ്യ വില്‍പ്പനയും സമ്മാന കൂപ്പണ്‍ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു നിര്‍വ്വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.വി ഗിരീഷ്‌കുമാര്‍, ഖാദി ഗ്രാമേദ്യോഗ് ഭവന്‍ മാനേജര്‍ പി.എച്ച് വൈശാഖ്, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, വിവിധ യൂണിയന്‍ പ്രതിനിധികളായ എ.കെ രാജേഷ്, കെ.ടി ഷാജി, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഖാദി ബോര്‍ഡ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
ഓണം ഖാദി മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്. പുത്തന്‍ ഫാഷനുകളിലെ ഖാദി വസ്ത്രങ്ങളും വിവിധതരം ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കിയാണ് ഇത്തവണ ഓണത്തെ വരവേല്‍ക്കാന്‍ ഖാദി ബോര്‍ഡ് എത്തുന്നത്. കോട്ടണ്‍ ഷര്‍ട്ടുകള്‍, കോട്ടണ്‍ സാരികള്‍, സില്‍ക്ക് സാരികള്‍, പാന്റുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, ബെഡ് ഷീറ്റുകള്‍, കാര്‍പ്പെറ്റുകള്‍, മുണ്ടുകള്‍, തോര്‍ത്തുകള്‍, ഉന്നക്കിടക്കകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളായ മരച്ചക്കിലാട്ടിയ നല്ലെണ്ണ, തേന്‍, സോപ്പ് ഉല്‍പ്പന്നങ്ങള്‍, സ്റ്റാര്‍ച്ച് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്. ഖാദി മേളയുടെ ഭാഗമായി ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാന കൂപ്പണും ഒരുക്കിയിട്ടുണ്ട്. സമ്മാന കൂപ്പണുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. മാനന്തവാടി ബ്ലോക്ക് കെട്ടിടം, ബത്തേരി മുന്‍സിപ്പല്‍ ഓഫീസിന് എതിര്‍വശം, പനമരം ഖാദി ഗ്രാമ സൗഭാഗ്യ, പുല്‍പ്പള്ളി ഗ്രാമ ശില്‍പ എന്നിവിടങ്ങളിലും ഓണം ഖാദി സ്‌പെഷ്യല്‍ മേള നടക്കും. ഓണം ഖാദി മേള ആഗസ്റ്റ് 28 ന് സമാപിക്കും.