മഴക്കാല രോഗത്തെ തുടര്‍ന്ന് നാലുവയസുകാരി മരിച്ച കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. നൂല്‍പ്പുഴ മാറോട് ചവനന്‍ പണിയകോളനിയിലാണ് ശൗചാലയവും ശുദ്ധജലവും, വഴിയും വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്. ആറ് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ വീടുകളും പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞദിവസം വയറിളക്കം, പനി, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്ന് നാല് വയസുകാരി മരണപ്പെട്ട നൂല്‍പ്പുഴ പഞ്ചായത്തിലെ മാറോട് ചവനന്‍ പണിയകോളനി നിവാസികളാണ് അടിസ്ഥാനസൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നത്. കോളനിയിലേക്ക് എത്താനുളള സഞ്ചാരയോഗ്യമായ പാതയില്ലാത്തുമുതല്‍ തുടങ്ങുന്ന ഇവരുടെദുരിതം. ടാറിങ് റോഡില്‍ നിന്നും ഇറങ്ങി വയല്‍വരമ്പിലൂടെ നടന്നുവേണം ഏഴുവീടുകളിലായി 22-ാളം പേര്‍ താമസിക്കുന്ന ഈ കോളനിയിലെത്താന്‍. ഇരുവശങ്ങളിലും കൈത്തോടുകള്‍ കടന്നുപോകുന്ന കോളനിയില്‍ ആറ് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ വീടുകളൊന്നും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ തന്നെ കോളനിയില്‍ ഒരുവീട്ടിലും ശൗചാലയങ്ങളുമില്ല. ഇതുകാരണം കുട്ടികളടക്കം സമീപത്തെ വനത്തിലാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന്. കൂടാതെ ശുദ്ധജല ദൗര്‍ലഭ്യവും ഇവിടെ രൂക്ഷമാണ്. നിലവില്‍ ഉപയോഗിക്കുന്ന കിണറില്‍ ചെമ്പുറവാണ്. ഈ വെള്ളമാണ് ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനടക്കം ഉപയോഗിക്കുന്നത്. നികിതയുടെ മരണത്തിനുശേഷം കോളനിയും പരിസരങ്ങളും ജലസ്രോതസ്സുകളും ക്ലോറിനേഷന്‍ ചെയ്തിട്ടുണ്ട്. എന്നാലും വെള്ളം തെളിയാത്തതുകാരണം കിണര്‍ വറ്റിക്കുകയാണ് കോളനി നിവാസികള്‍. വീടുകളില്‍ വൈദ്യുതിയും ഇതുവരെ ലഭ്യമായിട്ടില്ല. വയറിങ് പൂര്‍ത്തിയായിട്ട് ആറ് മാസമായതായും ഇവര്‍ പറയുന്നു. കോളനിക്ക് തൊട്ട് ചേര്‍ന്ന് ഇല്കട്രിക് ലൈനുകള്‍ എത്തിയിട്ടുണ്ടെങ്കിലും വീടുകളില്‍ വൈദ്യുതിവെളിച്ചംഎന്നത് സ്വപ്നമായി അവശേഷിക്കുകയാണ്. നിലവില്‍ കുട്ടികളുടെ പഠനം മെഴുകുതിരി വെട്ടത്തിലാണ്. ഇത്തരത്തില്‍ ദുരിതകയത്തിന്റെ നടുവിലാണ് കോളനിക്കാരുടെ ജീവിതം. നാലുവയസുകാരി നികിത കഴിഞ്ഞ വ്യാഴാഴ്ചയാണ് പനി, വയറിളക്കം എന്നിവയെ തുടര്‍ന്ന് മരണപ്പെടുന്നത്. അതിനുശേഷം ഇവിടേക്ക് അധികൃതര്‍ എല്ലാദിവസവും വരുന്നുണ്ടെന്നും ഇത് കുട്ടിയുടെ മരണത്തിനുമുമ്പായി ചെയ്യേണ്ടിയിരുന്നുവെന്നുമാണ് കോളനിക്കാര്‍ പറയുന്നത്. മരണം റിപ്പോര്‍ട്ട് ചെയ്യുകയും കോളനിയിലെ അഞ്ച് പേര്‍ സമാനാമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും.