സംസ്ഥാനത്ത് ഇന്ന് 765 പേര്‍ക്ക് കൊവിഡ്, ഒരു മാസത്തിനിടെ 20 മരണം; ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം

0

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ കൃത്യമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കൊവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും, പ്രായമായവരും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനിടെ 20 കൊവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കേസുകള്‍ തീരെ കുറവായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തോടെയാണ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായത്. ഇന്ന് 765 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!