പുകയില ഉപയോഗം:വയനാട് സംസ്ഥാന ശരാശരിയേക്കാള്‍ മുന്നില്‍

0

ജില്ലയിലെ പുകയില ഉപയോഗം സംസ്ഥാന ശരാശരിയെക്കാള്‍ കൂടിയ പശ്ചാത്തലത്തില്‍ നിയന്ത്രണപദ്ധതികളുമായി ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ജീവിതശൈലീരോഗങ്ങളുമായി ബന്ധപ്പട്ട് 30 വയസിനു മുകളിലുള്ളവരില്‍ നടത്തിയ സര്‍വേയിലാണ് ജില്ലയില്‍ 17 ശതമാനം പേര്‍ പുകയില ചവയ്ക്കുന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്.

ഈ പശ്ചാത്തലത്തിലാണ് പുകയിലരഹിത ഊരുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഒരുങ്ങിയത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും സമയബന്ധിതമായി സര്‍ക്കാരിന്റെ പുകയിലരഹിത വിദ്യാലയനയത്തിന്റെ ഭാഗമായി പുകയിലരഹിത വിദ്യാലയമായി പ്രഖ്യാപിക്കും.

മാര്‍ച്ച് ആദ്യവാരം എല്ലാ വിദ്യാലയങ്ങളിലും പുകയില ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് പുകയിലനിരോധനനിയമം, ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

വിദ്യാലയങ്ങളുടെ നൂറ്ുവാര ചുറ്റളവിലുള്ള പുകയിലവില്‍പ്പന പൂര്‍ണമായും ഇല്ലാതാക്കും. ഇതിന് തദ്ദേശസ്വയംഭരണനേതൃത്വം, രക്ഷാകര്‍ത്താക്കള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാരികള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഓരോ വിദ്യാഭ്യാസസ്ഥാപന അടിസ്ഥാനത്തിലും നടപ്പാക്കും. മാതൃകാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍, വകുപ്പുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയെ ജില്ലാഭരണകൂടം ആദരിക്കും.

പുകയിലവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍, പഞ്ചായത്തംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

 

 

Leave A Reply

Your email address will not be published.

error: Content is protected !!