അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി, 65 കഴിഞ്ഞവര്‍ക്കും സ്വീകരിക്കാം; പുതിയ മാര്‍ഗരേഖ

0

അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. മരണപ്പെട്ട ദാതാക്കളില്‍ നിന്നുള്ള അവയവം ഇനി 65 വയസിനു മുകളിലുള്ളവര്‍ക്കും സ്വീകരിക്കാനാവും. ഇതുള്‍പ്പടെയുള്ള വ്യവസ്ഥകളില്‍ ഇളവു വരുത്തി പുതിയ മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
പ്രായമായവര്‍ക്കും വെയിറ്റിങ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മാനദണ്ഡം പുതുക്കിയത്. എന്നാല്‍ 65 വയസിനു താഴെയുള്ള പ്രായംകുറഞ്ഞ അപേക്ഷകര്‍ക്കു തന്നെയായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ നിലവില്‍ പ്രായപരിധി ഇല്ല. എന്നാല്‍ മരണപ്പെട്ട ദാതാക്കളില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ 65നു മുകളില്‍ പ്രായമായവര്‍ക്ക് മുന്‍പ് സാധിച്ചിരുന്നില്ല.
രോഗികള്‍ക്ക് അവയവം സ്വീകരിക്കുന്നത് ഏതു സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. അവയവം സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014ലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ 5000 നും 10,000 ഇടയിലാണ് ഫീസ് ഈടാക്കുന്നത്.അവയവ മാറ്റത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2013ല്‍ 4990 അവയവമാറ്റമാണ് നടന്നിരുന്നതെങ്കില്‍ 2022ല്‍ എത്തിയപ്പോള്‍ അത് 15,561 ആയാണ് വര്‍ധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!