മിന്നല്‍ സമരത്തിന് ഉടനടി നടപടി

0

മാനന്തവാടി – കണിയാരം പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസിനു മുന്‍പില്‍ മിന്നല്‍ സമരം. ഒടുവില്‍ ഡിസംബര്‍ 28ന് മുന്‍പ് തീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. 28 ന് ശേഷവും റോഡ് നന്നാക്കിയില്ലങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പടെ സമരമെന്നും പ്രദേശവാസികള്‍. മാനന്തവാടി – കണിയാരം റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുകയും പൊടിശല്യം കാരണം സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ നിരവധി തവണ രാഷ്ടീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമരം നടത്തിയിട്ടും കരാറുകാരന്‍ റോഡ് പ്രവര്‍ത്തി പൂര്‍ത്തികരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് നഗരസഭാ കൗണ്‍സിലര്‍ വി.യു. ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയത്. സമരത്തെ തുടര്‍ന്ന് പി.ഡബ്ല്യൂ.ഡി. എക്‌സിക്യൂട്ടിവ് എഞ്ചിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 28ന് മുന്‍പ് പൊടിശല്യം ഒഴിവാകുന്ന തരത്തില്‍ നിര്‍മ്മാണം നടത്താമെന്നും വെള്ളം നനച്ച വകയില്‍ കുടിശികയായ 19,000 രൂപ നല്‍കുവാനും നിര്‍മ്മാണം ആരംഭിക്കുന്നതു വരെ ദിവസം മൂന്ന് നേരം റോഡ് നനക്കുമെന്നും രേഖാമൂലം നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. സമരത്തില്‍ കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം, ഡെന്നീസണ്‍ കണിയാരം, കണ്ണന്‍ കണിയാരം, ബാലന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!