അനില്‍കുമാറിന്റെ ആത്മഹത്യ; കുറ്റം ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ല: പി. ഗഗാറിന്‍
കുറ്റം ചെയ്തവര്‍ ആരായാലും അവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണത്തിന്റെ പശ്ചാതലത്തില്‍ തലപ്പുഴയില്‍ സി.പി.എം. നടത്തിയ രാഷ്ട്രീയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനില്‍കുമാറിന്റെ മരണം രാഷ്ടീയ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനില്‍കുമാറിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു മരണത്തില്‍ വേദനിക്കുന്ന കുടുംബത്തോടൊപ്പമാണ് സി.പി.എം. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തികള്‍ കുറ്റക്കാരാണെങ്കില്‍ അവരെ രക്ഷിക്കാന്‍ സി.പി.എം. പാര്‍ട്ടി മുതിരില്ല കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പാര്‍ട്ടിക്ക് ഒരു നിലപാടും കാഴ്ചപാടുമുണ്ട് അതുകൊണ്ട് തന്നെയാണ് ആരോപണ വിധേയമായപ്പോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഏരിയ കമ്മിറ്റി അംഗമായ പി.വാസുവിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തത്. ബാങ്കില്‍ ക്രമക്കേട് ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥനെ ഇതിനകം നിയമിച്ചു കഴിഞ്ഞു അതിന്റെ അടിസ്ഥാനത്തില്‍ അത്തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പി.ഗഗാറിന്‍ പറഞ്ഞു. എം.സി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം.നേതാക്കളായ കെ.വി.മോഹനന്‍, പി.വി.സഹദേവന്‍, കെ.എം. വര്‍ക്കി, ടി.കെ. പുഷ്പ്പന്‍, എന്‍.എം.ആന്റണി, വിനോദ് കണ്ണോത്ത്മല തുടങ്ങിയവര്‍ സംസാരിച്ചു.