ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

വിവാഹ വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവാഹ വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗത്തിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി 65 വയസ്സ് കവിയാത്ത രക്ഷിതാക്കള്‍ക്ക് അപേക്ഷ നല്‍കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വധുവിന് 18 വയസ്സ് തികഞ്ഞിരിക്കണം. വായ്പക്കുള്ള അപേക്ഷ വിവാഹത്തീയതിക്ക് ഒരു മാസം മുമ്പെങ്കിലും ലഭിച്ചിരിക്കണം. പരമാവധി വായ്പാ തുക രണ്ടര ലക്ഷം രൂപയാണ്. വായ്പാതുക 7 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു

മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത 60 വയസ്സ് കഴിഞ്ഞ പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (ആശാരിമാര്‍ (മരം/കല്ല്/ഇരുമ്പ്), സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരിമാര്‍) പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മറ്റ് ക്ഷേമ പെന്‍ഷനുകള്‍/കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ അനുവദിക്കില്ല. അപേക്ഷ ഫോമും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ഇതേ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും നവംബര്‍ 30 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസില്‍ അയക്കണം. വിലാസം-മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ (ഒന്നാം നില), കോഴിക്കോട്-673020. ഫോണ്‍: 04952377786.

ടെക്‌നിക്കല്‍ ഫെസ്റ്റ്; ഒറിഗോ 2.0 തുടങ്ങി

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷന്‍ ഓഫ് കമ്പ്യൂട്ടര്‍ എഞ്ചിനീയേഴ്‌സ് നടത്തുന്ന ”ടെക്‌നിക്കല്‍ ഫെസ്റ്റ്- ഒറിഗോ 2.0” ന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്. അനിത അധ്യക്ഷത വഹിച്ചു. ഡോ. പി. നികേഷ്, ഡോ. നകുല്‍ നാരായണന്‍, പ്രൊഫ. അഹമ്മദ് കബീര്‍, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്‍ റഹ്‌മാന്‍, സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍മാന്‍ ശ്യാം സുന്ദര്‍, കമ്പ്യൂട്ടര്‍ അസ്സോസിയേഷന്‍ സെക്രട്ടറി അഫ് മുസ്തഫ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ധന്യ പി. രാജ് ഫെസ്റ്റിന് നേത്യത്വം നല്‍കി. വെര്‍ച്ച്വല്‍ റിയാലിറ്റി എക്‌സ്‌പോ ഗെയിമിംഗ്, എഫ്.പി.വി ഡോണ്‍ എക്‌സ്പീരിയന്‍സ്, ഡീബഗ്ഗിംഗ് ചലഞ്ച് എന്നിവയും സംഘടിപ്പിച്ചു. മുന്‍നിര സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള വിവിധയിനം വര്‍ക്ക് ഷോപ്പുകളും ടെക്‌നിക്കല്‍ മത്സരങ്ങളും കമ്പ്യൂട്ടര്‍ പ്രോജക്ട്ടുകളുടെ പ്രദര്‍ശനങ്ങളും ഇന്ന് (ഞായര്‍) നടക്കും.

ഇലക്‌സിയ 22 ടെക്‌ഫെസ്റ്റ് സംഘടിപ്പിച്ചു

ഗവ. എഞ്ചിനീയറിംഗ് കോളേജ്, വയനാട് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അസോസിയേഷന്റെ സഹകരണത്തോടെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫെസ്റ്റ് ”ഇലക്‌സിയ 22” ടെക്‌ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളായി നടക്കുന്ന ഫെസ്റ്റ് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രജികുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ് അനിത അദ്ധ്യക്ഷത വഹിച്ചു. ”പവര്‍ സിസ്റ്റം മാനേജ്‌മെന്റ്” എന്ന വിഷയവുമായി ബന്ധപ്പെട്ട് രജികുമാര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പ്രൊഫസര്‍ സ്മിത കരുണന്‍, ഡോ.കെ. നകുല്‍ നാരായന്‍, ഷിജി മുഹമ്മദ്, സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍മാന്‍ ശ്യാം സുന്ദര്‍, കെ.എസ് സൗരവ് എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി ഇന്റര്‍ കോളേജ് പ്രോജക്ട്, സോള്‍ഡറിംഗ്, വയറിംഗ്, സര്‍ക്യൂട്ട് സിമുലേഷന്‍ തുടങ്ങിയ വിവിധ മത്സരങ്ങളും വിവിധ വര്‍ക്ക്‌ഷോപ്പുകളും ഗെയിമുകളും സംഘടിപ്പിച്ചു.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി/ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്‍ഡ് സര്‍വ്വെ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് എന്നിവയാണ് കോഴ്സുകള്‍. പി.ജി കോഴ്‌സുകള്‍ക്ക് ഡിഗ്രിയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി യും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പ്ലസ്ടു യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 8136802304, 04842632321.

സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രലൈസ്ഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്, ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ടെത്തി പ്രവേശനം നേടാം. ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നവംബര്‍ 7 ന് വൈകീട്ട് 3 നകം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9495069307.

കേരളോത്സവം: അപേക്ഷ ക്ഷണിച്ചു

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ കേരളോത്സവത്തില്‍ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള യുവജനങ്ങള്‍ വ്യക്തിപരമായോ ക്ലബിന്റെ പേരിലോ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. കേരളോത്സവം നവംബര്‍ 20 വരെ നടക്കും. ഫോണ്‍: 9946931117, 9562157664.

പാഠ്യപദ്ധതി പരിഷ്‌കരണം: ചര്‍ച്ച സംഘടിപ്പിച്ചു

സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി തരുവണ ജി.എച്ച്.എസ്.സ്‌കൂളില്‍ ആശയരൂപീകരണ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എസ്.കെ രജനി, എസ്.എം.സി ചെയര്‍മാന്‍ നൗഫല്‍ പള്ളിയാല്‍, കെ.എ മുഹമ്മദലി, കെ.ഡി ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 26 ഫോക്കസ് ഏരിയ അടങ്ങുന്ന കരട് രേഖയെ സംബന്ധിച്ച ചര്‍ച്ചയും ആവശ്യമായ നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, എസ്.എം.സി, പി.ടി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

കയര്‍ ബോര്‍ഡിന്റെ കീഴില്‍ ആലപ്പുഴ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ കയര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സിന് പ്രീഡിഗ്രി, പ്ലസ്ടു/തത്തുല്യപരീക്ഷ പാസ്സായവര്‍ക്കും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് സാക്ഷരതയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 50 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജനുവരി 2 നും, ഡിപ്ലോമ കോഴ്‌സ് ഫെബ്രുവരി 1 നും ആരംഭിക്കും. അപേക്ഷാഫാറം കയര്‍ ബോര്‍ഡിന്റെ www.coirboard.gov.in എന്ന വെബ് സൈറ്റിലും കലവുരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 30 നകം അസിസ്റ്റന്റ് ഡയറക്ടര്‍, കയര്‍ ബോര്‍ഡ്, ദേശീയ കയര്‍ പരിശീലന കേന്ദ്രം, കലവൂര്‍ പി ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04772258067.

കോട്ടത്തറ പഞ്ചായത്തിനെ ആദരിക്കും

ഹരിത മിത്രം എന്റോള്‍മെന്റ് പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനമായ കോട്ടത്തറ ഗ്രാമ പഞ്ചായത്തിനെ ആദരിക്കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 8 ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യാതിഥിയാകും.

അക്കൗണ്ടന്റ് നിയമനം

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ഒഴിവ്. എം.കോം ബിരുദവും 7 വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭിലഷണീയ യോഗ്യതകളാണ്. ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 17 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസറും (ഗ്രേഡ് 2 ) ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തി യിരിക്കണം.

നങ്ക അങ്ങാടി ഉദ്ഘാടനം ചെയ്തു

തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പനവല്ലി മിച്ചഭൂമി കോളനിയില്‍ ആരംഭിച്ച നങ്ക അങ്ങാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവജ്യോതി കുടുംബശ്രീ അംഗമായ ഉഷ സുരേഷിന്റെ സംരംഭമായ കവല പീഡിക നങ്ക അങ്ങാടിയുടെ ഉദ്ഘാടനമാണ് നടന്നത്. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഇരുപത്തി രണ്ടാമത്തെ നങ്ക അങ്ങാടിയാണ് കവലപ്പീഡിക. തിരുനെല്ലി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി. സൗമിനി അധ്യക്ഷത വഹിച്ചു. അനിമേറ്റര്‍ കെ.കെ. ഷീബ, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, സി.ഡി.എസ് എക്സിക്യൂട്ടീവ് എന്‍. പുഷ്പ, നവജ്യോതി കുടുംബശ്രീ പ്രസിഡന്റ് എം. സെലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൃഷിയിടാധിഷ്ഠിത സമീപന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പിന്റെ കൃഷിയിടാ ധിഷ്ഠിത വികസന സമീപന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിളയധിഷ്ഠിത കൃഷിയില്‍ നിന്നും കൃഷിയിടാധിഷ്ഠിത കൃഷിയി ലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള പദ്ധതിയില്‍ കര്‍ഷകര്‍ കൃഷിഭവനുകളില്‍ നവംബര്‍ 10 നകം അപേക്ഷ നല്‍കണം. അപേക്ഷകള്‍ കൃഷി ഭവനില്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കു കൃഷിചെയ്യാനുള്ള ഫാം പ്ലാനും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കും. പദ്ധതിയുടെ ആരംഭത്തില്‍ ഒരു പഞ്ചായത്തില്‍ നിന്നു 10 പേരെയാണ് തിരഞ്ഞെടുക്കുന്നത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!
20:18