ജില്ലയുടെ സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ സാമൂഹിക വികസനത്തില്‍ കേരളം മോഡല്‍ ആണ്. എല്ലാവരുടെയും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കാര്‍ഷികാധിഷ്ഠിത ഉപജീവന മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം. കൃഷിയെ കൂടുതല്‍ പ്രായോഗികവും, സാമ്പത്തിക സുസ്ഥിരത നല്‍കുന്നതും ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണം. വയനാടിന്റെ കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴം-പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണം. കാര്‍ഷകര്‍ക്കുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലും ശ്രദ്ധ വേണം. കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൃഷി വകുപ്പിനോട് നല്‍കാനും നിര്‍ദ്ദേശിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് റെഗുലര്‍ മോണിറ്ററിംഗ് സിസ്റ്റം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നേടുന്നുണ്ടോ എന്നും പരിശോധിക്കണം. ക്രീയാത്മകമായ വികസന ആസൂത്രണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ആസ്പിരേഷണല്‍ ജില്ലയിലൊന്നായി വയനാടിനെയും പരിഗണിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലുള്ള സമഗ്ര വികസനത്തിനായി വകുപ്പുകളുടെ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ എ. ഗീത, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫീല്‍ഡ് വിസിറ്റും നടത്തി.
രാജ്യത്തെ 112 പിന്നാക്കജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2018-ല്‍ തുടങ്ങിയ പദ്ധതിയാണ് ആസ്പിരേഷണല്‍ ജില്ലാപദ്ധതി.കേരളത്തില്‍നിന്നുള്ള ഏക ആസ്പിരേഷണല്‍ ജില്ലയാണ് വയനാട്.ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണിവികസനവും തീമില്‍ ദേശീയതലത്തില്‍ വയനാട് ജില്ലയ്ക്ക് ഒന്നാം റാങ്ക് നേടിയിരുന്നു.