ബാംബു കോര്‍പ്പറേഷന്‍ നിര്‍മ്മാണ യൂണിറ്റ് വിപുലീകരിക്കും: മന്ത്രി ഇ.പി ജയരാജന്‍
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ബാംബു കോര്‍പ്പറേഷന്റെ ബാംബുഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് വിപുലീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മുള ഉപയോഗിച്ച് ഇന്‍സെന്‍സ് സ്റ്റിക്കുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് സ്ഥാപിക്കുമെന്നും, ഈറ്റയില്‍ നിന്നും പനമ്പ് മെയ്യുന്നതിനുള്ള യന്ത്രവല്‍കൃത പനമ്പ് നെയ്ത്ത് കേന്ദ്രം സ്ഥാപിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈറ്റവെട്ട് പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് മിനിമം വേതന കുടിശ്ശിക ഇനത്തില്‍ 167 ലക്ഷം രൂപ വിതരണം ചെയ്തു. 2017-18 സാമ്പത്തീക വര്‍ഷം വനിതകള്‍ക്ക് പനമ്പ് നെയ്ത്ത്, ഈറ്റ, മുള കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങല്‍, ഫര്‍ണിച്ചര്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നല്‍കി തൊഴിലവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ കൂടി ആരംഭിച്ച പദ്ധതി പ്രകാരം 100 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 10 യന്ത്രവത്കൃത പനമ്പ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ അധികമായി ആരംഭിച്ചു. പരമ്പരാഗത ഈറ്റവെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് 20% കൂലി വര്‍ദ്ധനവ് നടപ്പിലാക്കിയതായും മന്ത്രി കൂട്ടി ചേര്‍ത്തു. മാനന്തവാടിയിലെ ബാബു കോര്‍പ്പറേഷന്റെ ബാബു ഫീഡര്‍ നവീകരിക്കുന്നതോടെ കൂടുതല്‍ തൊഴിലവസരം ലഭ്യമാകുകയും കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനും കഴിയും.