തെരുവ് നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന് ജില്ലയില്‍ തുടക്കം

0

തെരുവ് നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ തുടങ്ങി. കല്‍പ്പറ്റ ടൗണില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത എന്നിവരുടെ സാന്നിധ്യത്തിലാണ് കുത്തിവെപ്പ് നടപടികള്‍ ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.സീന ജോസ് പല്ലന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ ജയരാജ്, ഡോ.റീന ജോര്‍ജ്, എ.എഫ്.ഒ കെ.ദിലീപ് കുമാര്‍, കെ.പി അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലയിലെ ആദ്യത്തെ ഹോട്‌സ്‌പോട്ടായ കല്‍പ്പറ്റയിലെ തെരുവ് നായകള്‍ക്കാണ് ആദ്യം വാക്‌സിനേഷന്‍ നല്‍ക്കുക. തുടര്‍ന്ന് മറ്റ് ഹോട്‌സ്‌പോട്ടുകളായ ബത്തേരി, നൂല്‍പ്പുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. തെരുവ് നായ്ക്കളുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹോട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ചത്.ഹോട്‌സ്‌പോടുകള്‍ അല്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള തെരുവ് നായ്ക്കള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. വളര്‍ത്തു നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ തെരുവു നായ ശല്യം പരിഹരിക്കുന്നതിന് പേവിഷ കുത്തിവെയ്പ്, വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതിയും ജില്ലാതല മേല്‍നോട്ട സമിതിയും തീരുമാനിച്ചിരുന്നു. നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് സമയമെടുക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ പേവിഷ കുത്തിവയ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിക്കുന്ന സന്നദ്ധ സേനയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.സെപ്തംബര്‍ 30 നകം വളര്‍ത്തു മൃഗങ്ങള്‍ക്കും ഒക്ടോബര്‍ 20 നകം തെരുവ് നായ്ക്കള്‍ക്കു മുള്ള വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!
19:29