സംയുക്ത ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ കെ.സി.വൈ.എം. മാനന്തവാടി രൂപത ബത്തേരിയില്‍ ബഹുജപ്രക്ഷോഭറാലി സംഘടിപ്പിച്ചു.എക്യുമെനിക്കല്‍ ഫോറം, എം.സി.വൈ.എം. ബത്തേരി രൂപത, എ.കെ.സി.സി. മാനന്തവാടി രൂപത, ചെറുപുഷ്പ മിഷന്‍ ലീഗ്,മാതൃവേദി മാനന്തവാടി രൂപത എന്നിവരുടെ സഹകരണത്തോടെ അസംപ്ഷന്‍ പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.ഒരു ജനതയുടെ അതിജീവിനം അസാധ്യമാക്കുന്ന വിധിക്ക് കാരണമായ നിര്‍ദ്ദേശങ്ങള്‍ ആരു കൊടുത്താലും അത് തിരുത്തന്നതിന് ആവശ്യമായ നടപടികള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി വാദിച്ചു തോല്‍ക്കുന്ന വക്കീലന്മാര്‍ക്ക് പകരം വിഷയം കൃത്യമായ പഠിച്ചവരെ അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയോരജനതയെ തെരുവിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.സി.വൈ.എം. മാനന്തവാടി രൂപതാ പ്രസിഡന്റ് റ്റിബിന്‍ പാറക്കല്‍ അധ്യക്ഷനായി. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്, കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പരുവുമ്മേല്‍, കിഫാ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍, ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, നയന മുണ്ടക്കാതടത്തില്‍, ഫാ. എ.ടി. ബേബി തുടങ്ങിയവര്‍ സംസാരിച്ചു.