ഫെബ്രുവരി ആദ്യ രണ്ടാഴ്ചകളില്‍ മൂന്നാം തരംഗം; കൊവിഡ് രൂക്ഷമായേക്കും !

0

നിലവിലെ കൊവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. ഫെബ്രുവരി ഒന്നിനും 15നും ഇടക്ക് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. കോവിഡ് ആര്‍ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് പഠനം.

പകര്‍ച്ച വ്യാപന സാധ്യത, സമ്പര്‍ക്ക പട്ടിക, രോഗം പകരാനുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര്‍ വാല്യു നിര്‍ണയിക്കുന്നത്. ആര്‍ വാല്യു ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ നാലിലേക്ക് എത്തിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അതായത് കോവിഡ് പിടിപെട്ട ഒരാളില്‍ നിന്ന് മറ്റു നാല് പേര്‍ക്കു കൂടി വൈറസ് പിടിപെടാം.

കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തില്‍ പോലും ആര്‍ വാല്യു 1.69 ആയിരുന്നു. ഡിസംബര്‍ അവസാനവാരം രാജ്യത്ത് ആര്‍ വാല്യു 2.69 ആയിരുന്നു. ഐഐടി ഗണിതശാസ്ത്ര വിഭാഗവും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കമ്പ്യൂട്ടേഷനല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. വരുംദിവസങ്ങള്‍ നിര്‍ണായകമാണെന്നും നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയാല്‍ ആര്‍ വാല്യു വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ ഡോ. ജയന്ത് ഝാ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!