സംസ്ഥാനത്ത് എട്ടാം ക്ലാസ് ഇന്ന് തുടങ്ങും; ഒമ്പതും പ്ലസ് വണ്ണും 15ന്

0

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളും തിങ്കളാഴ്ചമുതല്‍ സ്‌കൂളിലെത്തും. മറ്റു ക്ലാസുകള്‍പോലെ ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ് ക്ലാസ്. ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 മുതല്‍. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റ അലോട്ട്മെന്റ് ചൊവ്വാഴ്ച. 10, 11 തീയതികളില്‍ പ്രവേശനം നേടാം. 61,988 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. ഒഴിവുള്ളത് 37,217 സീറ്റ്. സപ്ലിമെന്ററി അലോട്ട്മെന്റിനും ശേഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് അധികബാച്ചിനുള്ള അപേക്ഷ സ്വീകരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഏതാനും ബാച്ചുകള്‍കൂടി വേണ്ടിവരുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

2020 മാര്‍ച്ചില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂള്‍ അടച്ചത്. ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ അടച്ചസമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കേന്ദ്രീകരിച്ചായിരുന്നു അധ്യയനം. സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബറില്‍ തുറന്ന് അധ്യയനം ആരംഭിച്ചിരുന്നു.

ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാണ് പഠനം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ല. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!