ഇന്ന് ചിങ്ങം ഒന്ന്;മലയാളക്കരയ്ക്ക് പുതുവര്‍ഷ പിറവി.

0

മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്.പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ഇത്തവണ മഹാമാരിക്കാലത്തിന്റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്.

അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത.ചിങ്ങമാസത്തില്‍ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ എവിടെയും പൂക്കള്‍ കൊണ്ട് നിറയും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഓണം കടന്നുപോകുന്നത് മലയാളികളുടെ കണ്ണീരിലൂടെയാണ്. ഇത്തവണ ഉരുള്‍പ്പൊട്ടലും, മഴക്കെടുതിയ്ക്കുമൊപ്പം കൊറോണ മഹാമരിയുമുണ്ട്.എങ്കിലും പ്രതീക്ഷകളുടെ മുകളിലാണ് ജീവിതം നിലനില്‍ക്കുന്നത്. ആ പ്രതീക്ഷയുടെ വെളിച്ചം എത്രയും വേഗം തെളിയുമെന്നും മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവര്‍ക്കും ചിങ്ങപ്പുലരിയില്‍ നല്ലൊരു വര്‍ഷം ആശംസിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
23:15