മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.

0

നാല് ദിവസത്തേക്കായിരുന്നു സുല്‍ത്താന്‍ ബത്തേരി ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതികളായ റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റില്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.രണ്ടുദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് മരംമുറിക്കല്‍ നടന്ന മുട്ടിലിലെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലായിരുന്നു വ്യാഴാഴ്ച തെളിവെടുപ്പ്.
പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും. മരംമുറിക്കലില്‍ ആദ്യം കേസെടുത്ത വനംവകുപ്പും പ്രതികള്‍ക്കായി ഉടന്‍ കസ്റ്റഡി പേക്ഷ സമര്‍പ്പിക്കും. പ്രതികളെ ഓരോരുത്തരെയും പ്രത്യേകമായി അന്വേഷണസംഘം ചോദ്യം ചെയ്തു.അഗസ്റ്റിന്‍ സഹോദരന്മാരടക്കം ആറുപേരാണ് മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ ഇതിനോടകം അറസ്റ്റിലായത്.

കഴിഞ്ഞ മാസം 28നാണ് മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം പാലത്തില്‍ നിന്ന് തിരൂര്‍ ഡിവൈഎസ്പിയാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റ് നടപടികള്‍ വൈകിയതിലും ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേറ്റിരുന്നു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.

Leave A Reply

Your email address will not be published.

error: Content is protected !!