കാട്ടാന ശല്യം രൂക്ഷം സമരത്തിനൊരുങ്ങി പ്രദേശവാസികള്‍ 

0

വണ്ടിക്കടവ് മാവിലാംതോട് അമരക്കുനി ഇരുളം പ്രദേശങ്ങളില്‍  കാട്ടാനകള്‍ ഇറങ്ങി കൃഷിനാശം വരുത്തുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ  കര്‍ഷകരുടെ തെങ്ങ്, വാഴ, കവുങ്ങ്, ചേന, ഇഞ്ചി, കപ്പ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു.ഒരു മാസം മുമ്പ്  കാട്ടാനകള്‍ പഴശ്ശി പാര്‍ക്കിന്റെ വേലിക്കെട്ടുകള്‍  തകര്‍ത്തിരുന്നു.ടൂറിസം കേന്ദ്രത്തില്‍ കാട്ടാനകള്‍ നാശം വരുത്തുന്നതിനെതിരെ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു.കഴിഞ്ഞ ഒരാഴ്ച്ചയായി മേഖലയില്‍ ആനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പഴശ്ശി പാര്‍ക്കിന്റെ ചുറ്റുവട്ടങ്ങളില്‍ ഫെന്‍ സിംഗ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഫെന്‍സിംഗ് പലപ്പോഴും പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് ആനശല്യം വര്‍ദ്ധിക്കാന്‍ കാരണം. കുറഞ്ഞ അളവില്‍ മാത്രമേ ഫെന്‍സിംഗിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. സന്ധ്യ മയങ്ങുന്നതോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന പഴശ്ശി പാര്‍ക്കിന് ചുറ്റും കാട്ടാനക്കൂട്ടങ്ങള്‍ പതിവ് കാഴ്ചയാണ്.കേരള-കര്‍ണാടക അതിര്‍ത്തിയിലെ കന്നാരം പുഴയോരം വഴിയാണ് കാട്ടാനകള്‍ രാത്രി കാലങ്ങളില്‍ കൂട്ടമായി ഇറങ്ങുന്നത്. ആനയിറങ്ങുന്ന പ്രദേശങ്ങളില്‍ തെരുവ് വിളക്ക് ഇല്ലാത്തതിനാല്‍ ആനശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.  പ്രദേശത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വനം വകുപ്പ് ഓഫീസിന് മുന്‍പില്‍ സമര നടപടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!