കുറുമ്പാലക്കോട്ട മലയുടെ താഴ് വാരത്തില്‍ ഉള്ള തൈതല്‍ നിര്‍മ്മാണത്തില്‍ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് മനസ്സിലാക്കുന്നതായി കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി സിദ്ദീഖ്. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റീബില്‍ഡിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ പഞ്ചായത്തില്‍ തോട് വരമ്പുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി വെണ്ണിയോടും കുറുമ്പാലക്കോട്ട മലയുടെ താഴ്വാരങ്ങളിലും കമുകിന്‍ പാളികള്‍ കൊണ്ട് നിര്‍മ്മിച്ച സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചതില്‍ വന്‍ അഴിമതിയെന്ന നാട്ടുകാരുടെ ആരോപണം ശക്തമായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തികള്‍ ചെയ്യാത്തതിനാല്‍ ഈ പ്രദേശത്തെ കര്‍ഷകര്‍ വളരെ ദുരിതത്തിലാണെന്നും കൃഷി ആവശ്യങ്ങള്‍ക്കായി യന്ത്രോപകരണങ്ങള്‍ ഇറക്കാന്‍ കഴിയാത്ത രീതിയില്‍ ബുദ്ധിമുട്ടുകയാണെന്നും കന്നുകാലികളെ കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും ഇതൊന്നും ചെയ്യാതെ വന്‍ തുക തട്ടിയെടുത്തതായി പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.