ചെറുകിട വസ്ത്ര വ്യാപാരികള്‍ പ്രതിസന്ധിയില്‍

0

കൊവിഡിന് പിന്നാലെ ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ കച്ചവടമില്ലാതായ പുല്‍പ്പള്ളി മേഖലയിലെ ചെറുകിട വസ്ത്ര വ്യാപാരികള്‍ പ്രതിസന്ധിയില്‍.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പാടിച്ചിറ, പെരിക്കല്ലുര്‍,ഇരുളം അടക്കമുള്ള ടൗണുകളിലെ നിരവധി വസ്ത്ര വ്യാപാരികളാണ് നിത്യവാടകയ്ക്ക് കട നടത്തിവരുന്നത്. വിഷു,പെരുന്നാള്‍,സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കച്ചവടങ്ങളും ഇത്തവണ നടക്കാത്തത് പ്രതിസന്ധി ഇരട്ടിയാക്കി.

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ഇത്തവണ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നത്. തിരക്ക് കൂടിയാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും പിഴയിടാക്കുമെന്നതിനാല്‍ തന്നെ ഒരേസമയം, മൂന്നും നാലും പേരെ മാത്രമായിരുന്നു കടകളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്.വ്യാപാരികള്‍ ഇത്തവണ ഏപ്രില്‍ ആദ്യം തന്നെ ആഘോഷങ്ങളുടെ ഭാഗമായി വസ്ത്രങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നു.യാതൊരു വരുമാനവുമില്ലാതെ കടക്ക് വാടക നല്‍കേണ്ട അവസ്ഥയാണുള്ളത്. ചെറുകിട വസ്ത്ര വ്യാപാര രംഗത്ത് ഏതാനും വര്‍ഷങ്ങളായി നിരവധി യുവതീയുവാക്കളാണ് സ്വയംതൊഴില്‍ വായ്പയെടുത്തും മറ്റും നടത്തുന്നത്.

പലരുടേയും ബാങ്ക് അടവുകള്‍ ഇതിനകം തന്നെ മുടങ്ങിക്കഴിഞ്ഞു.സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങള്‍ ലോക്ക് ഡൗണ്‍ മാറിയാല്‍ പോലും വില്‍ക്കാനാവാത്ത സാഹചര്യമാണുള്ളത്. ജനങ്ങളൊന്നാകെ ജോലിയും മറ്റുമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയില്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ആളുകളെത്താന്‍ ഇനിയും സമയമെടുക്കുമെന്നും ചില വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് പല ഉടമകളും വാടകയിനത്തില്‍ ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും, ഇത്തവണയതുമുണ്ടായില്ല. വൈദ്യുതിചാര്‍ജ് അടക്കമുള്ള ചെലവുകള്‍ കൂടിയാകുമ്പോള്‍ പ്രതിമാസം നല്ലൊരു തുകയാണ് ഓരോ വ്യാപാരിക്കും നഷ്ടമായിക്കൊണ്ടിരിക്കുന്നത്. വസ്ത്ര വ്യാപാരം അടക്കമുള്ള ചെറുകിട സംരംഭകരെ കടബാധ്യതയില്‍ നിന്നും രക്ഷിക്കാന്‍ പലിശരഹിത വായ്പകളോ, കുറഞ്ഞ പലിശയിലുള്ള വായ്പകളോ നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പല വ്യാപാരികളുടെയും ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!