ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍പില്‍ ധര്‍ണാ സമരം നടത്തി

0

വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ( എം) ജോസഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍പില്‍ ധര്‍ണാ സമരം നടത്തി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം വി.ജോണ്‍ ജോര്‍ജ് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു.

ജനവാസ മേഖലയില്‍ 118.59 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കുന്നതോടെ കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകരോടുള്ള നിലപാട് ഇവിടെ വ്യക്തമായിരിക്കുകയാണെന്നും,വനം വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിംഗ് സംസ്ഥാന സര്‍ക്കാര്‍ പഠിക്കാതെയും പരിശോധിക്കാതെയും കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തതിന്റെ പ്രതിസന്ധിയാണ് ഇന്ന് വയനാട്ടുകാര്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ സ്വപ്ന പദ്ധതികളായ റെയില്‍വേ,നാഷണല്‍ ഹൈവേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തൊഴില്‍ സ്ഥാപനങ്ങള്‍,ചുരം ബദല്‍ റോഡ്,തുരങ്ക പാത തുടങ്ങിയവയൊന്നും നിര്‍മ്മിക്കാന്‍ സാധിക്കാത്ത സവിശേഷ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും വയനാടിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കരട് വിജ്ഞാപനം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഇക്കോ സെന്‍സിറ്റീവ് സോണ്‍ വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.അബ്ദുസലാം അധ്യക്ഷനായിരുന്നു. ജോസഫ് കളപ്പുര, ജോസ് തലച്ചിറ ,കെ.എ.ആന്റണി, മത്തായി കടുപ്പില്‍, സി.എം.ബാബു, കെ.എ. വര്‍ഗീസ് മാസ്റ്റര്‍, അഷ്‌റഫ് പൂക്കയില്‍, അഡ്വ.നിക്‌സണ്‍, പി.ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!