തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിംഗ് വയനാട്ടില്‍

0

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം വയനാട്ടില്‍. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ കാമ്പയിന്‍ ഫലപ്രദമായി എന്ന് തെളിയിക്കുന്നതായിരുന്നു ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം. ഉയര്‍ന്ന പോളിംഗ് നില ആര്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍ ഇപ്പോള്‍. ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് 79.51 ആണ് ജില്ലയിലെ പോളിംഗ് ശതമാനം.

കാര്യമായ പരാതികളില്ലാതെയാണ് വയനാട്ടില്‍ തെരഞ്ഞെടുപ്പ് സമാപിച്ചത്. വയനാട്ടിലെ ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന അവകാശ വാദത്തിലാണ് ഇടത് വലത് മുന്നണികള്‍. എല്‍ജെ ഡി സ്വാധീനം എല്‍ഡിഎഫിന് ഗുണം ചെയ്‌തോ എന്നും, പാര്‍ട്ടി കളുടെ കൂടുമാറ്റം യുഡിഎഫിനെ ഏത് രീതിയില്‍ ബാധിച്ചു എന്നും വ്യക്തമാക്കുന്നതാകും വയനാട്ടിലെ തെരഞ്ഞെടുപ്പ് ഫലം. സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ടുകളും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും

സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന പോളിംഗ് നില വയനാട്ടില്‍ കൈവന്നതോടെ തികഞ്ഞെ ആത്മവിശ്വാസ ത്തിലാണ് യുഡിഎഫ്. ജില്ലയില്‍ എല്‍ഡിഎഫിനുളള തദ്ദേശസ്ഥാപനങ്ങളിലെ മേല്‍ക്കൈ ഇത്തവണ നഷ്ടമാകുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തല്‍. രാഹുല്‍ഗാന്ധിയുടെ മണ്ഡലമെന്ന ആനുകൂല്യവും സംസ്ഥാനസര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഇത്തവണ വോട്ടര്‍മാരെ യുഡിഎഫിനൊപ്പം നിര്‍ത്തിയെന്ന് നേതാക്കള്‍ കണക്കു കൂട്ടുന്നു. പോളിംഗ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ അര്‍ത്ഥമില്ലെന്നാണ് എല്‍ഡിഎഫ് പക്ഷം. ജില്ലയില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച മുന്നേറ്റം ഇത്തവണയുണ്ടാ കുമെന്ന് നേതാക്കള്‍ ഉറപ്പിച്ച് പറയുന്നു. നഗരസഭയിലേക്കുള്‍ പ്പെടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ട് യുഡിഎഫിന് തിരിച്ചടിയാകാനാണ് സാധ്യത. എല്‍ജെ ഡി ഫാക്ടര്‍ എത്രത്തോളം എല്‍ഡിഎഫിന് ഗുണകര മായെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകും. പല പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും.

രണ്ടാംഘട്ട പോളിംഗില്‍ സംസ്ഥാനത്ത് ആകെ 76.28 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അന്തിമ പോളിംഗ് ശതമാനം പുറത്ത് വിട്ടിട്ടില്ല. കോട്ടയം-73.89, എറണാകുളം-77.02, തൃശൂര്‍ -74.92, പാലക്കാട്-77.83, വയനാട്- 79.51 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!