ബത്തേരി ചെട്ടി മൂല ചെക്ക്ഡാമിന് സമീപം തെക്കേപാട്ട് മഠത്തില്‍ റംല മുഹമ്മദിന്റെ പശുക്കിടാവിനെയാണ് ഇന്ന് പുലര്‍ച്ചെ കടുവ കൊന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രദേശങ്ങളില്‍ കടുവ ശല്യം രൂക്ഷമാണ്. കടുവയെ കൂടുവച്ച് പിടികൂടണമെന്നാണ് ആവശ്യം.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കൊന്നത്. രണ്ടര മാസം പ്രായമുള്ള കിടാവിനെ കടുവ കടിച്ചു കൊല്ലുകയായിരുന്നു. ബഹളം കേട്ട് വീട്ട് കാര്‍ പുറത്തെത്തിയെങ്കിലും ഓടിമറഞ്ഞു. സംഭവമറിഞ്ഞ് വനം വകുപ്പും സ്ഥലത്തെത്തിയിരുന്നു. കടുവയാണ് പശുക്കിടാവിനെ കൊന്നതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബത്തേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും കടുവയുടെ ശല്യം രൂക്ഷമാണ്. ഇതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. ദിവസങ്ങക്കു മുമ്പ് ചെട്ടിമൂലയില്‍ പ്രദേശവാസിയായ ആലിയുടെ നാല് വയസുള്ള ആടിനെ വന്യമൃഗം കൊന്നിരുന്നു.കൂടാതെ കൃഷിയിടങ്ങളില്‍ ഇറങ്ങി കാട്ടുപന്നികളെ കടുവ കൊന്നു ഭക്ഷിക്കുന്നതും പതിവായിട്ടുണ്ട്.ഇത് കാരണം കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ ഇറങ്ങാനും ഭയമാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായ കടുവയെ കൂടുവച്ച് പിടികൂടണം എന്നാണ് ആവശ്യമുയരുന്നത്.