ജില്ലാതല ഓണം ബക്രീദ് മേള തുടങ്ങി

0

സപ്ലൈക്കോയുടെ ജില്ലാതല ഓണം-ബക്രീദ് മേള കല്‍പ്പറ്റ നഗരസഭാ പുതിയ ബസ് സ്റ്റാന്റ് കോംപ്ലക്‌സില്‍ തുടങ്ങി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ആദ്യ വില്‍പന നടത്തി. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓണം-ബക്രീദ് മേളയില്‍ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കും. ആഗസ്റ്റ് 24 വരെയാണ് മേള. ആഗസ്റ്റ് 16 മുതല്‍ താലൂക്ക് തല മേളകളും സപ്ലൈക്കോയുടെ നേതൃത്വത്തില്‍ ആരംഭിക്കും. സപ്ലൈക്കോയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ആഗസ്റ്റ് 20 മുതല്‍ 24 വരെ ഓണം മിനി ഫെയറുകളായി പ്രവര്‍ത്തിക്കും. മേളകളില്‍ സാധനങ്ങള്‍ സബ്‌സീഡി നിരക്കില്‍ ലഭിക്കുന്നതിന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മറ്റേതെങ്കിലും സപ്ലൈകോ സ്ഥാപനത്തില്‍ നിന്ന് സബ്‌സീഡി സാധനങ്ങള്‍ വാങ്ങിയ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് മേളയില്‍ നിന്ന് സാധനങ്ങള്‍ സബ്‌സീഡി നിരക്കില്‍ ലഭിക്കില്ല. ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനമാണ് മേളയില്‍ ഉളളത്. പഞ്ചസാര തുടങ്ങി പലവ്യഞ്ജനങ്ങള്‍ ഒരു കിലോ വീതവും ജയ, മട്ട, കുറുവ അരി എന്നിവ 10 കിലോ വീതവും സബ്‌സീഡി നിരക്കില്‍ ലഭിക്കും. സാധനങ്ങള്‍ സബ്‌സീഡി ഇല്ലാതെയും മേളയില്‍ നിന്ന് വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!