കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃകഗ്രാമം- എന്‍ ഊര് ആദ്യഘട്ടം കെട്ടിടങ്ങള്‍ ഉദ്ഘാടനത്തിന് സജ്ജമായി. ആദിവാസികളുടെ തനത് ജീവിതവും സംസ്‌കാരവും പുതിയ തലമുറകളിലേക്ക് പരിചയപ്പെടുത്താനുള്ള ബൃഹത് സംരംഭത്തിനാണ് വൈത്തിരിയില്‍ തിരിതെളിയുന്നത്. ആദ്യം ഘട്ടം കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബര്‍ 4ന് വൈകീട്ട് മൂന്ന് മണിക്ക് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ രാഹുല്‍ ഗാന്ധി, എം.വി ശ്രേയാംസ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത അിവുകളും കോര്‍ത്തിണക്കി ഈ മേഖലയുടെ ഉയര്‍ച്ചക്കൊപ്പം നാടിന്റെ ഉണര്‍വ്വും ലക്ഷ്യമിട്ടിട്ടുള്ളതാണ് എന്‍ ഊരു ഗോത്ര പൈതൃകഗ്രാമം. സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കര്‍ സ്ഥലത്താണ് എന്‍ ഊരു പ്രൊജക്ട് നടപ്പാക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിട നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നത്.
ആദ്യഘട്ടത്തില്‍ അഞ്ചു ബ്ലോക്കുകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. ട്രൈബല്‍ മാര്‍ക്കറ്റ്, ട്രൈബല്‍ കാഫ്ടീരിയ, വെയര്‍ ഹൗസ്, ഫെസിലിറ്റേഷന്‍ സെന്റര്‍, എക്സിബിഷന്‍ ഹാള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. വയനാട്ടിലെ തനത് ഉത്പന്നങ്ങളാണ് എന്‍ ഊരിലെ വിപണിയില്‍ ലഭ്യമാവുക. പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് ആദ്യഘട്ടത്തിനുള്ള 3 കോടി രൂപ എന്‍ ഊരിനായി അനുവദിച്ചത്. രണ്ടാം ഘട്ടത്തിന് വിനോദ സഞ്ചാര വകുപ്പാണ് 4.53 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ട്രൈബല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ഹെറിറ്റേജ് വാക്ക് വേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്ട് വര്‍ക്ക് ഷോപ്പ് തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാകും.
ജില്ലയിലെ ഗോത്ര വിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ഗോത്ര പൈതൃകത്തിന്റെ സംരക്ഷണവും അവരുടെ തനത് കലകള്‍, വാസ്തുവിദ്യകള്‍ തുടങ്ങിയവയുടെ പുതിയ തലമുറയിലേക്കുള്ള മൊഴിമാറ്റമാണ് പൈതൃക ഗ്രാമത്തിലൂടെ ലക്ഷ്യമിടുന്നത്. കരകൗശല വസ്തുക്കള്‍, ആദിവാസി വംശീയ ഭക്ഷണം, പരമ്പരാഗത ആഭരണങ്ങള്‍, ശില്‍പ്പകല, ചിത്രകല, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെ വിപണിയിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വിവിധ ഗോത്ര പാരമ്പര്യ സ്വയംതൊഴില്‍ മേഖലകളില്‍ പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, എന്‍.ജി.ഒ, വിവിധ മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളിലൂടെ തനത് ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതോടെ വാണിജ്യ രംഗത്തേ്ക്ക് ഗോത്ര വര്‍ഗക്കാരെ കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കും.