കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നെന്‍മേനി ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ഭൂരഹിത ഭവന രഹിതര്‍ക്കുള്ള 57 വീടുകളാണ് പഞ്ചായത്തില്‍ ഉയരുന്നത്. ഭവനങ്ങളുടെ താക്കോല്‍ദാനം നാളെ രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിക്കും.
ഗ്രാമപഞ്ചായത്തിലെ മഞ്ഞാടിയില്‍ 44 ഭവനങ്ങളും ചീരാല്‍ വെണ്ടോലില്‍ 13 ഭവനങ്ങളുമാണ് പൂര്‍ത്തിയാവുന്നത്. മൂന്ന് കോടി 18 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭൂരഹിതരായ ഭവന രഹിതര്‍ക്ക് വീടുകള്‍ പൂര്‍ത്തിയായത്.
മഞ്ഞാടിയില്‍ നിര്‍മ്മിച്ച ഭവനങ്ങള്‍ക്ക് രണ്ട് കോടി 12 ലക്ഷം രൂപ ചെലവഴിച്ചു. മഞ്ഞാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ 54,25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിന്റെ 33,23,000 രൂപയും ജില്ലാ പഞ്ചായത്തിന്റെ 6,80,000 രൂപയുമാണ് വീടുകളുടെ നിര്‍മ്മാണത്തിന് വേണ്ടി വകയിരുത്തിയത്. ഇവിടെ ഒരാള്‍ക്ക് 3.2 സെന്റ് സ്ഥലമാണ് ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കിയത്. ചീരാലിലെ വെണ്ടോലില്‍ ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത്. 3.07 സെന്റ് സ്ഥലമാണ് ഒരാള്‍ക്ക് വാങ്ങി നല്‍കിയത്. ഗുണഭോക്താക്കള്‍ നേരിട്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പ്രവൃത്തി കോവിഡ് പ്രതിസന്ധിയിലും മുന്നോട്ട് പോയത് നെന്‍മേനി ഗ്രാമപഞ്ചായത്തിന്റെ പരിശ്രമത്തിലാണ്.
നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. പത്മനാഭന്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് മേരി ടീച്ചര്‍, മറ്റ് ജന പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.