മദീനയിൽ വിശ്വാസികളുടെ സന്ദർശനം ഇന്ന് പുനഃരാരംഭിക്കും
മദീന മസ്ജിദുന്നബവിയിലെ റൗദ സന്ദർശനം ഞായറാഴ്ച പുനരാരംഭിക്കും. പ്രതിദിനം 11,880 പേർക്കാണ് അനുമതി നൽകുകയെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. സിയാറ, റൗദയിലെ നമസ്കാരം എന്നിവക്കുള്ള അനുമതി പത്രം ഇഅ്തർമനാ ആപ്പിലൂടെ ലഭിക്കും. സന്ദർശകർക്ക് മൂന്ന് പ്രവേശന കവാടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിയാറത്തിന് പുരുഷന്മാർക്ക് അൽസലാം കവാടം (നമ്പർ 1) വഴിയും റൗദയിലേക്ക് ബിലാൽ കവാടം (നമ്പർ 38) വഴിയുമായിരിക്കും പ്രവേശനം. റൗദയിലേക്ക് സ്ത്രീകൾക്ക് ഉസ്മാൻ കവാടം (നമ്പർ 24) വഴിയുമായിരിക്കും. സുബഹി, ദുഹ്ർ, അസ്ർ, മഗ്‍രിബ് നമസ്കാരങ്ങൾക്ക് ശേഷമായിരിക്കും പുരുഷന്മാർക്ക് റൗദയിലേക്ക് പ്രവേശനം. സ്ത്രീകൾക്ക് റൗദയിലേക്ക് പ്രവേശനം സുര്യോദയത്തിന് ശേഷം ദുഹ്ർ വരെയുള്ള സമയത്തായിരിക്കും.